Monday, June 17, 2024
spot_img

തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ ഗുണ്ടാ അക്രമം; കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ലഹരിമാഫിയയുടെ ഗുണ്ടാ അക്രമം. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് മൂന്നംഗ സംഘം അടിച്ച് തകർത്തത്. ഗേറ്റുകളും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ച നിലയിലാണ്. വീട്ടിനു നേരെ നാടൻ ബോംബെറിയുകയും, വാഹനം തകർക്കുകയും ചെയ്തു. ബോംബേറ് നടക്കുമ്പോൾ ഷിജുവിനു പുറമേ ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു.

രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. സംഭവ സമയം ഷിജു വീടിനു പുറത്തു നിൽക്കുകയായിട്ടിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം നടന്നത്. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും രക്ഷപെട്ടത്. മുറിയിലുറങ്ങുകയായിരുന്ന ഒരു വയസ്സായ കുഞ്ഞിനെയുമെടുത്ത് ഭാര്യ അടുക്കളയിലേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. തുമ്പ – കഴക്കൂട്ടംപൊലീസ് സ്ഥലത്ത് ക്യാംപ് ചെയുന്നുണ്ട്. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല.

കഴിഞ്ഞയാഴ്ച നെഹ്റു ജംഗ്ഷനിൽ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു. ഇതിലെ പ്രതിയെ തുമ്പ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കഴക്കൂട്ടം തുമ്പ പ്രദേശങ്ങളിൽ ലഹരിമാഫിയയുടെ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.

Related Articles

Latest Articles