Friday, May 24, 2024
spot_img

‘കറുത്തത് ഒരു വറ്റല്ല , കലം മുഴുവൻ ! കഴിഞ്ഞ 6 വർഷത്തിനിടെ 399 സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് നടന്നതായി സർക്കാർ രേഖ

തിരുവനന്തപുരം : കരുവന്നൂർ സഹകരണ ബാങ്കിലേതുൾപ്പെടെയുള്ള തട്ടിപ്പുകൾ പുറത്തുവന്നതിനെത്തുടർന്ന് സംസ്ഥാനത്തെ സഹകരണ മേഖല കടുത്ത പ്രതിസന്ധി മുന്നിൽ കാണുന്നതിനിടെ ഒരു വറ്റ് കറുത്തുവെന്ന് കരുതി ചോറ് മോശമാകുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നാൽ കഴിഞ്ഞ 6 വർഷത്തിനിടെ സംസ്ഥാനത്തെ 399 സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് നടന്നതായി സർക്കാർ രേഖ ഇപ്പോൾ ചർച്ചയാകുകയാണ്. ക്രമപ്രകാരമല്ലാതെ വായ്പ നൽകൽ, വ്യാജ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ നല്‍കൽ, നിയമനത്തിലെ ക്രമക്കേടുകൾ, സ്വർണ വായ്പയിലുള്ള ക്രമക്കേട്, സ്ഥാവരജംഗമ വസ്തുക്കൾ ക്രമവിരുദ്ധമായി ലേലം ചെയ്ത് സ്ഥാപനത്തിനു നഷ്ടമുണ്ടാക്കൽ എന്നീ ക്രമക്കേടുകൾ കണ്ടെത്തിയതായി കഴിഞ്ഞ വർഷം നിയമസഭയിൽ മന്ത്രി വി.എൻ.വാസവൻ നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെ ക്രമക്കേടു നടന്ന സ്ഥാപനങ്ങളുടെ പട്ടികയും മന്ത്രി നല്‍കിയിരുന്നു.

ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള വസ്തുവിന്റെ ഈടിൻമേൽ വായ്പ നൽകുക, അനുമതിയില്ലാതെ പൊതുഫണ്ട് ഉപയോഗിക്കുക, സർക്കാർ ധനസഹായം ദുർവിനിയോഗം ചെയ്യുക, പരിധി അധികരിച്ച് വായ്പ നൽകുക, വായ്പയിൽ നിയമവിരുദ്ധമായി ഇളവ് നൽകുക എന്നീ ക്രമക്കേടുകളും കണ്ടെത്തി. ക്രമക്കേടുകളിൽ അന്വേഷണം നടന്നു വരികയാണ്.

ക്രമക്കേടുകൾ കണ്ടെത്തിയ സ്ഥാപനങ്ങളുടെ എണ്ണം ജില്ല തിരിച്ച് താഴെ നൽകുന്നു

തിരുവനന്തപുരം–49, കൊല്ലം–42, പത്തനംതിട്ട–9, ആലപ്പുഴ–11, കോട്ടയം–46, ഇടുക്കി–14, എറണാകുളം–33, തൃശൂർ–66, പാലക്കാട്–3, മലപ്പുറം–55, കോഴിക്കോട്–11, വയനാട്–18, കണ്ണൂർ–24, കാസർകോട്–18.

Related Articles

Latest Articles