തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ മാസം 1600 രൂപ വീതം പെൻഷൻ വാങ്ങുന്ന 90 വയസ്സുള്ള അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്ന് ഇഡിയുടെ കണ്ടെത്തൽ. പെരിങ്ങണ്ടൂർ ബാങ്കിലുള്ള അക്കൗണ്ടില് 63 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാറിന്റെ സഹോദരനെയാണെന്നും ഇഡി കണ്ടെത്തി. അരവിന്ദാക്ഷന്റെ ഭാര്യയുടെ പേരിലുള്ള വസ്തു പ്രവാസിക്കു വിറ്റെന്നും. ഇതിന്റെ ഭാഗമായാണ് അരവിന്ദാക്ഷനും സതീഷ് കുമാറും വിദേശയാത്ര നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അരവിന്ദാക്ഷന്റെ വിദേശയാത്ര സംബന്ധിച്ചും അന്വേഷണം നടത്താനും ഇഡി ഒരുങ്ങുകയാണ്.
കേസിലെ ഉന്നതബന്ധങ്ങള് വ്യക്തമായെന്നും പ്രാദേശികതലം മുതല് സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയിൽപ്പെടുന്ന വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നതായും ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പി.ആർ.അരവിന്ദാക്ഷനെ കള്ളപ്പണ നിരോധനനിയമപ്രകാരം ഇഡി അറസ്റ്റ് ചെയ്തത്.
പി.ആര്. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത അതെ ദിവസം തന്നെ കരുവന്നൂര് സഹകരണ ബാങ്ക് മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്സിനേയും അറസ്റ്റ് ചെയ്തിരുന്നു.കരുവന്നൂര് ബാങ്ക് വായ്പാ തട്ടിപ്പില് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്സ് പ്രതിയായിരുന്നു. പിന്നീട് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജില്സ്, തന്നെ തട്ടിപ്പുകേസില് കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിയിരുന്നു. സിപിഎം. നോമിനിയായാണ് താന് ബാങ്കില് ജോലിക്ക് പ്രവേശിച്ചതെന്നും ജില്സ് വ്യക്തമാക്കിയിരുന്നു. കേസില് നാലാമത്തെ അറസ്റ്റാണിത്.
2011-2019 കാലയളവിൽ സികെ ജിൽസ് 11 ഭൂമി വിൽപന നടത്തിയെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ തട്ടിപ്പിൽ ഉന്നത പൊലീസ് രാഷ്ട്രീയ ഉദ്യോഗസ്ഥവൃന്ദത്തിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പിടിയിലായവർ ഇവരുടെ ബിനാമികളാണെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കുന്നു

