തിരുവനന്തപുരം: അനധികൃതമായി കൂര്‍മ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ബാബുവിന് ലഭിച്ച സംരക്ഷണം ഇനി ആർക്കും ലഭിക്കില്ലെന്നും മല കയറുന്നതിനുള്ള നിബന്ധനകൾ കടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അത് ലംഘിക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരാഴ്ച്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ (collector) റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രിയും ഒരു യുവാവ് ചെറാട് മലമുകളിലേക്ക് കയറിയിരുന്നു. രാത്രി തന്നെയെത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ എത്തിക്കുകയായിരുന്നു. മലയുടെ മുകളില്‍ നിന്ന് ലൈറ്റ് തെളിഞ്ഞതോടെ നാട്ടുകാരാണ് അധികൃതരെ വിളിച്ചറിയിച്ചത്. നാട്ടുകാരനായ രാധാകൃഷ്ണനെയാണ് വനംവകുപ്പ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി തിരികെ എത്തിച്ചത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ബേസ് ക്യാമ്പിലെത്തിച്ചത്.

