Friday, May 17, 2024
spot_img

ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടൽ മുറുകുന്നു; അസാധാരാണ വാര്‍ത്താ സമ്മേളനം; ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യം പുറത്തുവിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്ക്. സര്‍ക്കാറിനെതിരെ അസാധാരണ വാര്‍ത്താസമ്മേളനം നടത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചത് . ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്.

ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിനെതിരെയും ഗവര്‍ണര്‍ ആഞ്ഞടിച്ചു. ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാജ്ഭവന് പുറത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങള്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചു.

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്നും ഗവര്‍ണര്‍ ആരോപിച്ചു‍. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

Related Articles

Latest Articles