കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച മമത ബാനർജിയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഗവർണർ ആർ.എൻ. രവി സംസ്ഥാന നിയമസഭ പിരിച്ചുവിട്ടു. ഭരണഘടനയുടെ 174-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ചാണ് 2026 മെയ് 7 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് രാജ്ഭവൻ പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയെങ്കിലും ജനവിധി അംഗീകരിക്കാൻ മമത ബാനർജി തയ്യാറായിട്ടില്ല. ബി.ജെ.പിയുടേത് യഥാർത്ഥ വിജയമല്ലെന്നും വോട്ടുകൾ കൊള്ളയടിച്ചതാണെന്നുമാണ് മമതയുടെ ആരോപണം. താൻ തോറ്റിട്ടില്ലെന്നും അതുകൊണ്ട് തന്നെ രാജ്ഭവനിൽ പോയി രാജി സമർപ്പിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. തന്നെ പുറത്താകുകയാണെങ്കിൽ അത് ചെയ്യട്ടെയെന്ന വെല്ലുവിളിയും അവർ ഉയർത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
സാധാരണഗതിയിൽ ഒരു സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ പുതിയ സർക്കാർ വരുന്നത് വരെ പഴയ മന്ത്രിസഭ കാവൽ സർക്കാരായി തുടരാറുണ്ട്. എന്നാൽ ജനവിധി മാനിക്കാതെ രാജി വയ്ക്കാൻ വിസമ്മതിക്കുന്ന മമതയെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കരുത് എന്നാണ് ബിജെപിയുടെ നിലപാട്. മമതയെ ഉടനടി പുറത്താക്കണമെന്ന് ബിജെപി നേതാക്കൾ ഗവർണറോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ മമതയ്ക്ക് നിയമപരമായി പദവിയിൽ തുടരാനാകില്ല. ശനിയാഴ്ച ബി.ജെ.പി സർക്കാർ അധികാരമേൽക്കുമെന്നാണ് സൂചന.
തോൽവിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് ഫലത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു. മൂന്ന് തവണ തുടർച്ചയായി ഭരിച്ച തങ്ങളുടെ പതനം ഗൂഢാലോചനയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. മമതയുടെ കടുംപിടുത്തത്തെ പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്ക്കുമ്പോൾ, ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടിയോടെ വരും മണിക്കൂറുകളിൽ ബംഗാൾ രാഷ്ട്രീയം കൂടുതൽ പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പായി.

