Monday, November 2, 2026

മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി തുടരുന്നു ! ഹൈക്കമാൻഡിന് മുന്നിൽ കരുത്തറിയിച്ച് സതീശനും ചെന്നിത്തലയും – വിധി നിശ്ചയിക്കാൻ ‘കെ.സി’ ഘടകം

തിരുവനന്തപുരം : തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ്. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ ചർച്ചകളിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർക്കായി ശക്തമായ വാദമുഖങ്ങളാണ് ഉയർന്നത്. നിരീക്ഷകരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ തങ്ങൾ എന്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹരാണെന്ന് സതീശനും ചെന്നിത്തലയും കൃത്യമായി വ്യക്തമാക്കി.

തുടർച്ചയായ പരാജയങ്ങളിൽ നിന്ന് മുന്നണിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച തനിക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണയുണ്ടെന്നാണ് വി.ഡി. സതീശൻ അവകാശപ്പെട്ടത്. ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എൽ.എമാരുടെ എണ്ണത്തേക്കാൾ ഉപരിയായി പൊതുവികാരത്തിന് മുൻഗണന നൽകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ തന്റെ സീനിയോറിറ്റിയും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവും രമേശ് ചെന്നിത്തല ഉയർത്തിക്കാട്ടി. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തിയിട്ടും ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം വഴിമാറിക്കൊടുത്ത തനിക്ക് ഇത്തവണ സ്വാഭാവികമായ അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകാനുള്ള തന്റെ അവസാന അവസരമാണിതെന്നും ചെന്നിത്തല നിരീക്ഷകരെ ഓർമ്മിപ്പിച്ചു.

63 എം.എൽ.എമാരിൽ 47 പേരുടെ പിന്തുണയുണ്ടെന്നാണ് കെ.സി. വേണുഗോപാൽ പക്ഷം അവകാശപ്പെടുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിലും തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിലും കെ.സി. നൽകിയ സഹായങ്ങൾ ‘എ’ ഗ്രൂപ്പിനെ അടുപ്പിച്ചതായാണ് സൂചന. അതേസമയം 35 പേരുടെ പിന്തുണ വി.ഡി. സതീശൻ ഉറപ്പിക്കുന്നു. ഇതിന് പുറമെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ സതീശന്റെ നേതൃത്വത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ 23 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ചെന്നിത്തല വിശ്വസിക്കുന്നു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം എട്ടുപേർ ആരുടെയും പേര് നിർദേശിക്കാതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിയെ ആത്മവിശ്വാസത്തോടെ നയിച്ച സതീശനോടാണ് ഘടകകക്ഷികൾക്ക് താല്പര്യം. എന്നാൽ കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടായേക്കാവുന്ന ഉപതിരഞ്ഞെടുപ്പിനെ കുറിച്ച് ചില കക്ഷിനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന് അവർ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. എം.എൽ.എമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച നിരീക്ഷകർ വ്യാഴാഴ്ച രാത്രി തന്നെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. വെള്ളിയാഴ്ച സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കും. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയവും ഇന്ദിരാഭവനിൽ ചേർന്ന യോഗം പാസാക്കിയിട്ടുണ്ട്.

Related Articles

Latest Articles