Saturday, May 18, 2024
spot_img

ജമ്മു കശ്മീർ ക്‌ളീൻ ! സൈനിക വിന്യാസത്തിൽ തന്ത്രപ്രധാന മാറ്റം വരുത്താൻ കേന്ദ്രം; ദൗത്യം പൂർത്തിയാക്കി സൈന്യം ഉടൻ അതിർത്തിയിലേക്ക് മടങ്ങുമോ ?

ദില്ലി: ഭരണഘടനാ വകുപ്പ് 370 റദ്ദാക്കി രണ്ടര വർഷത്തിന് ശേഷം കശ്മീരിലെ സൈനിക വിന്യാസത്തിൽ തന്ത്രപ്രധാന മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദൗത്യം പൂർത്തിയാക്കി സൈന്യം അതിർത്തിയിലേക്ക് പിന്മാറുമെന്നാണ് സൂചന. 2019 ൽ കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിനു ശേഷം സംസ്ഥാനത്ത് വിന്യസിക്കപ്പെട്ട സൈന്യത്തെ പിൻവലിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്നാണ് സൂചന. കശ്മീർ താഴ്വരയുടെ സുരക്ഷാ ചുമതല, സൈന്യം പിൻവാങ്ങുമ്പോൾ കശ്മീർ പോലീസും സി ആർ പി എഫും ഏറ്റെടുക്കും. താഴ്വരയിലെ ഭീകര വിരുദ്ധ നടപടികളുടെ ചുമതലയുള്ള രാഷ്ട്രീയ റൈഫിൾസിനെയും ഘട്ടം ഘട്ടമായി പിൻവലിക്കാൻ ആലോചനയുണ്ട്.

കശ്മീരിൽ ഇപ്പോൾ 1.30 ലക്ഷം സൈനികരാണുള്ളത്. ഇതിൽ 80000 ത്തോളം പേർ അതിർത്തിയിലാണ്. 60000 ത്തോളമാണ് സി ആർ പി എഫ് ജവാന്മാരുടെ എണ്ണം 40000 മുതൽ 45000 വരെയാണ് രാഷ്ട്രീയ റൈഫിൾസിന്റെ ആൾബലം. ജമ്മുകശ്മീർ പോലീസിന്റെ അംഗബലം 83000 ത്തോളമാണ്. രണ്ടര വർഷം കൊണ്ട് ക്രമസമാധാന നിലയിൽ വലിയ പുരോഗതി കൈവരിക്കാൻ സംസ്ഥാനത്തിനായി. ഭീകരാക്രമണങ്ങളുടെ എണ്ണം വലിയതോതിൽ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് സൈന്യത്തെ പിൻവലിച്ച് നിയന്ത്രണ രേഖയിലേക്ക് മാറ്റാനും താഴ്വരയുടെ സുരക്ഷാ ചുമതല സി ആർ പി എഫിനും പോലീസിനും മാത്രമായി ചുരുക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഭീകരരെ നേരിടാൻ പൊലീസിന് മാത്രം കഴിയില്ലെന്ന വിലയിരുത്തലിനാണ് കശ്മീരിൽ വലിയ അനുഭവ സമ്പത്തുള്ള സി ആർ പി എഫിനെ നിലനിർത്തുന്നത്. അടുത്തകാലത്തായി നടക്കുന്ന ഭീകര വിരുദ്ധ ഓപ്പറേഷനുകളെല്ലാം സുരക്ഷാ സൈന്യവും പോലീസും സംയുക്തമായാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജമ്മു കശ്മീർ പൊലീസിന് സുരക്ഷാ ചുമതലയിൽ വലിയ പങ്കുവഹിക്കാനാകും.

സന്യത്തിന്റെ പിൻവാങ്ങൽ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏതൊക്കെ ജില്ലകളിൽ നിന്ന് എത്ര ഘട്ടങ്ങളായി പിൻവാങ്ങൽ ഉണ്ടാകും എന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നത്. രാഷ്ട്രീയ റൈഫിൾസിനെ മൂന്നു ഘട്ടങ്ങളായി പിൻവലിക്കുമെന്നാണ് സൂചന. സൈന്യത്തിന്റെ ഭാഗത്തുനിന്നും ഒരുക്കങ്ങൾ പൂർത്തിയായതായും രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സാഹചര്യങ്ങൾ അനുകൂലമാണെന്നും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

Related Articles

Latest Articles