Monday, April 29, 2024
spot_img

എഴുപത്തിമൂന്നാമത് പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസാപ്രവാഹം; ജന്മദിനാശംസകളുമായി സാധാരണക്കാർ മുതൽ രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കൾ വരെ; ആശംസയറിയിച്ച് പിണറായിയും രാഹുലും

എഴുപത്തിമൂന്നാമത് പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസാപ്രവാഹം സാധാരണക്കാർ മുതൽ രാഷ്ട്രീയത്തിലെ മുതിർന്ന നേതാക്കളുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.

രാഷ്ട്രപതി ദ്രൗപദി മുർമു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും ജന്മദിനാശംസകളുമായെത്തി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നു രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ ഒറ്റവരിയിൽ കുറിച്ചു.

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ. താങ്കൾക്ക് ആയുരാരോഗ്യവും സന്തോഷവും നേരുന്നു.’’– മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.

‘അമൃത് കാലത്ത്’ മോദി തന്റെ ദീർഘവീക്ഷണവും ശക്തമായ നേതൃത്വവും കൊണ്ട് എല്ലാ മേഖലകളിലും ഇന്ത്യയുടെ വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ആശംസിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

പുതിയ ഇന്ത്യയുടെ ശിൽപിയെന്ന് മോദിയെ പ്രശംസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യത്തിന്റെ പൈതൃകത്തിൽ ഊന്നി മഹത്തായതും സ്വയംപര്യാപ്തവുമായ ഇന്ത്യയ്ക്കു വേണ്ടി ശക്തമായ അടിത്തറ മോദി പാകിയതായും പറഞ്ഞു.

‘‘പാർട്ടിയായാലും സർക്കാരായാലും, ദേശീയ താൽപര്യം പരമോന്നതമാകാനുള്ള പ്രചോദനം മോദിജിയിൽനിന്ന് ഞങ്ങൾക്ക് എപ്പോഴും ലഭിക്കുന്നു. ഇത്തരമൊരു അതുല്യനായ നേതാവിന് കീഴിൽ രാജ്യത്തെ സേവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു.’’– അമിത് ഷാ കുറിച്ചു.

ഇന്ത്യൻ സംസ്‌കാരത്തിന്റെ ആഗോള അന്തസ്സിനും ജനങ്ങളുടെ ബഹുമുഖ വികസനത്തിനും രാജ്യത്തിന്റെ സാർവത്രിക പുരോഗതിക്കും പ്രധാനമന്ത്രി വ്യക്തമായ രൂപം നൽകിയെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ആശംസിച്ചു. ‘‘നമ്മുടെ ലക്ഷ്യമായ ‘അന്ത്യോദയ’ (അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനം) എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരുകയും വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയത്തിനുള്ള മന്ത്രമായി മാറുകയും ചെയ്തു.’’– ന‍ഡ്ഡ‍‍ പറഞ്ഞു

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നു. ഇന്ത്യയ്‌ക്ക് മോദി കേവലം ഒരു പുതിയ വ്യക്തിത്വം മാത്രമല്ല, ലോകത്തിൽ രാജ്യത്തിന്റെ യശസ്സ് വർധിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ‘‘പ്രധാനമന്ത്രി ഇന്ത്യയുടെ വികസനം പുതിയ ഉയരങ്ങളിലെത്തിച്ചു, അദ്ദേഹത്തിന് ആയുരാരോഗ്യവും ദീർഘായുസ്സും നേരുന്നു.’’– രാജ്നാഥ് സിങ് പറഞ്ഞു.

അതേസമയം പിറന്നാൾ ദിനത്തിലും ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംവാദിച്ചു. പിറന്നാൾ ദിനത്തിൽ ദില്ലി മെട്രോയിൽ അദ്ദേഹം യാത്ര നടത്തി. ദില്ലി എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈൻ, ദ്വാരക സെക്ടർ 21 മുതൽ പുതിയ മെട്രോ സ്റ്റേഷനായ ‘യശോഭൂമി ദ്വാരക സെക്ടർ 25’ വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തത്.

യാത്രക്കാരുമായും ദില്ലി മെട്രോ ജീവനക്കാരുമായും സംവദിച്ച പ്രധാനമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ യാത്രക്കാർ തിരക്ക് കൂട്ടി. യാതൊരു പരിഭവുമില്ലാതെ സെൽഫിക്ക് പോസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ശേഷം ദില്ലിയിലെ ദ്വാരകയിൽ ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ (ഐഐസിസി – യശോഭൂമി കൺവൻഷൻ സെന്റർ) ഒന്നാം ഘട്ടം ഉദ്ഘാടനവും അദ്ദേഹവും നിർവഹിച്ചു.

വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒട്ടനവധി സംഘടനകളും അദ്ദേഹത്തിന്റെ പിറന്നാൾ സേവനത്തിന്റെ വഴിയിൽ ആഘോഷിക്കുകയാണ്.

ദേശീയ തലത്തിൽ തുടങ്ങി താഴേത്തട്ടിൽ വരെ ഇന്നു മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെ തുടർപരിപാടികൾ നടക്കും. സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികൾ, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയ്ക്ക് മന്ത്രാലയങ്ങൾ ഊന്നൽ നൽകും. ശുചീകരണം, വൃക്ഷത്തൈ നടൽ, രക്തദാനം തുടങ്ങിയവയുമായി ബിജെപിയുടെ ഓരോ സംസ്ഥാന ഘടകങ്ങളും വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നമോ വികാസ് ഉത്സവ് ആയാണ് ത്രിപുര ബിജെപി ആഘോഷം സംഘടിപ്പിക്കുന്നത്.

സ്കൂൾ വിദ്യാർത്ഥിനികൾക്കായി 30,000 ബാങ്ക് അക്കൗണ്ടുകൾ തുറക്കാനാണു ഗുജറാത്ത് ബിജെപിയുടെ തീരുമാനം. മോദിയുടെ രാഷ്ട്രീയ ജീവിതയാത്ര സംബന്ധിച്ച പ്രദർശന പരിപാടികൾ, ധനസഹായവിതരണം എന്നിവയും പലയിടത്തായി നടക്കുന്നു. നാളെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ, പുതിയ മന്ദിരത്തിൽ ദേശീയപതാക ഉയർത്തും. മോദിയുടെ ജന്മദിനത്തിൽ ഇതു നടത്തുന്നതിനെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചിരുന്നു. മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ചു ഗുജറാത്തിൽ സൂറത്തിൽ അമൃതം എന്ന സർക്കാരിതര സംഘടന മുലപ്പാൽദാന ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. 140 അമ്മമാരിൽ നിന്നു മുലപ്പാൽ ശേഖരിച്ച് ആശുപത്രിയിലെ മുലപ്പാൽ ബാങ്കിലേക്ക് നൽകുന്നതാണ് പദ്ധതി.

ബിജെപി ദേശീയ നിർവാഹക സമിതിയംഗവും പ്രശസ്ത സിനിമാതാരവുമായ കൃഷ്ണകുമാറും അദ്ദേഹത്തിൻറെ ഭാര്യ സിന്ധുവും മകൾ ദിയ കൃഷ്ണയും നേതൃത്വം നൽകുന്ന അഹാ ദിഷിക ഫൗണ്ടേഷൻ, പ്രധാനമന്ത്രിയുടെ എഴുപത്തി മൂന്നാം പിറന്നാൾ 73 പേർ ചേർന്ന് അർഹരായ 73 പേർക്ക് രക്തദാനം നടത്തിയാണ് ആഘോഷിച്ചത് . ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ ആണ് രക്തദാനം നടന്നത്.

Related Articles

Latest Articles