Friday, May 17, 2024
spot_img

ഗുരുവായൂര്‍ ഥാര്‍ ലേലം തര്‍ക്കത്തില്‍: ഭരണസമിതിയുടെ അനുമതി വേണമെന്ന് ദേവസ്വം ചെയര്‍മാന്‍

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം തര്‍ക്കത്തില്‍. ലേലത്തിന് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ അനുമതി വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. 15,10,000 രൂപയും കൂടാതെ ജിഎസ്ടിയും ചേര്‍ത്താണ് ലേലം താത്ക്കാലികമായി ഉറപ്പിച്ചത്. അന്തിമ തീരൂമാനം ദേവസ്വം ഭരണസമിതിയുടേത് ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കെ വി മോഹന്‍ദാസ് പറഞ്ഞു.

എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് ഥാര്‍ ലേലത്തില്‍ പിടിച്ചത്. എന്നാൽ ലേലം ഉറപ്പിച്ചതിന് ശേഷം, നിലപാട് മാറ്റുന്നത് ശരിയല്ലെന്ന് വാഹനം ലേലത്തില്‍ പിടിച്ച അമലിന്റെ പ്രതിനിധി സുഭാഷ് പണിക്കര്‍ പറഞ്ഞു. ഒരാള്‍ മാത്രമാണ് ലേലത്തില്‍ നേരിട്ട് പങ്കെടുത്തത്. ഓണ്‍ലൈനായും ലേലത്തിന് ആരും പങ്കെടുത്തിട്ടില്ല.

ലേലത്തില്‍ തീരുമാനം എടുക്കാനായി ഈ മാസം 21ന് ദേവസ്വം ഭരണസമിതി യോഗം ചേരും. മാത്രമല്ല കാണിക്കയായി ലഭിച്ച ഥാര്‍ എസ്‌യുവി പരസ്യലേലത്തിന് വയ്ക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് കാണിക്കയായി മഹീന്ദ്ര സമര്‍പ്പിച്ചത്.

21 ലക്ഷം വരെ മുടക്കി ഥാര്‍ ലേലത്തില്‍ പിടിക്കാന്‍ തയ്യാറായിരുന്നു എന്ന് അമലിന്റെ പ്രതിനിധി സുഭാഷ് പണിക്കര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലേലം നഷ്ടത്തിലാണോ അവസാനിച്ചത് എന്ന സംശയത്തിന്റെ പുറത്താണ് ഭരണസമിതിയില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം സ്വീകരിക്കാമെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തത്.

Related Articles

Latest Articles