ഇസ്രായേൽ – ഹമാസ് സംഘർഷം രണ്ടു മാസം പിന്നിട്ടിട്ടും ഇപ്പോഴും ഒരയവുമില്ലാതെ തുടരുകയാണ്. ഹമാസാണ് യുദ്ധം തുടങ്ങി വച്ചതെങ്കിലും ഹമാസിനെ പൂർണ്ണമായും തുടച്ചുനീക്കാതെ വിശ്രമമില്ലെന്ന ദൃഢ പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇസ്രായേൽ. അതിനായി, ഹമാസിന്റെ ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ഇസ്രയേലിന്റെ ഓപ്പറേഷൻ കൂടുതൽ സജീവമാക്കുകയാണ്. ഇപ്പോഴിതാ, ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായാണ് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കുന്നത്. നാല് കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ കവാടം എറിസ് അതിർത്തിയിൽ നിന്ന് 400 മീറ്റർ അടുത്താണെന്ന് ഐ.ഡി.എഫ് വ്യക്തമാക്കി. കൂടാതെ, തുരങ്കത്തിന്റെ വിഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ ഐ.ഡി.എഫ് പങ്കുവച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രകാരം, ചെറിയ വാഹനങ്ങൾക്കു പോലും തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയും. വർഷങ്ങളെടുത്താണ് ഇതിന്റെ നിർമാണം നടത്തിയിരിക്കുന്നതെന്നും അഴുക്കുചാലും വൈദ്യുതിയും റെയിലുമടക്കമുള്ള സംവിധാനങ്ങൾ തുരങ്കത്തിനുള്ളിലുണ്ടെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. കൂടാതെ, ഹമാസ് ഭീകരൻ മുഹമ്മദ് സിൻവറാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയതെന്നും ഐ.ഡി.എഫ് പറയുന്നു.
അതേസമയം, ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലും നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 100ലേറെ പേർ കൊല്ലപ്പെട്ടു. കൂടാതെ, ഹമാസ്അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം നടത്തി. 15ലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതേസമയം, ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും ആവർത്തിച്ചു. വൻതോതിലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിനും യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കർശന മുന്നറിയിപ്പിനുമിടയിൽ ആണ് ഹമാസിന് മുന്നിൽ തലകുനിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. ഹമാസിനെ വരുതിയിലാക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മൂന്ന് കാര്യങ്ങളാണ് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുക, എല്ലാ ബന്ദികളെ മോചിപ്പിക്കുക, ഗാസ വീണ്ടും ഭീകരതയുടെ കേന്ദ്രമായി മാറില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.

