ഹൈദരാബാദ്: മദ്യലഹരിയിൽ യാളുകൾ ചെയ്യുന്ന ചില കാര്യങ്ങളൊക്കെ ചിന്തിക്കാൻ പോലും കഴിയാത്തതായിരിക്കും. അത്തരത്തിലൊരു സംഭവം തെലങ്കാനയിൽ നടന്നത്.തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ജോഗിപേട്ടില്‍ നിന്നുള്ള 21കാരന്‍ മേഡക് ജില്ലയിലെ ചന്ദൂരില്‍ നിന്നുള്ള 22കാരനെ വിവാഹം കഴിച്ചു. മദ്യലഹരിയിലാണ് ഇരുവരും കല്യാണം കഴിച്ചത്.
ദുമാപാലപേട്ട് ഗ്രാമത്തിലെ ഒരു കള്ളുഷാപില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും സുഹൃത്തുക്കളാകുന്നതും. പിന്നീട്, പലപ്പോഴും മദ്യപിക്കാനായി കണ്ടുമുട്ടാറുണ്ടായിരുന്നു. കഴിഞ്ഞ മാസം ജോഗിനാഥ് ഗുട്ട ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഓടോ ഡ്രൈവറായ ചന്തൂര്‍ സ്വദേശി ജോഗിപേട്ട് സ്വദേശിയുടെ കഴുത്തില്‍ താലി കെട്ടി. ചടങ്ങ് നടക്കുമ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. ‘കല്യാണം’ കഴിഞ്ഞ് രണ്ടുപേരും അവരവരുടെ വീടുകളിലേക്ക് പോയി.
കഴിഞ്ഞയാഴ്ച, ജോഗിപേട്ടില്‍ നിന്നുള്ള ജോലി രഹിതനായ യുവാവ് കഴിഞ്ഞ ദിവസം പെട്ടെന്ന് ഓടോ ഡ്രൈവറുടെ വീട്ടിലെത്തി അയാളുടെ മാതാപിതാക്കളോട് വിവാഹക്കാര്യം പറഞ്ഞു. മാതാപിതാക്കള്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ പലപ്പോഴും മദ്യപിക്കാനായി കണ്ടുമുട്ടാറുണ്ടെന്ന് ഓടോ ഡ്രൈവര്‍ പറഞ്ഞു. ‘കല്യാണം’ നിഷേധിച്ചുമില്ല. പക്ഷെ, മകന്റെ ജീവിത പങ്കാളിയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ ഓടോ ഡ്രൈവറുടെ മാതാപിതാക്കള്‍ സമ്മതിച്ചില്ല.
ജോഗിപ്പേട്ടുകാരനെ വീട്ടില്‍ പ്രവേശിപ്പിക്കാനും ഒരുമിച്ച് താമസിക്കാനും ഓടോ ഡ്രൈവര്‍ വിസമ്മതിച്ചു. അതോടെ ജോഗിപ്പേട്ടുകാരനായ യുവാവ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് പിന്‍വലിക്കുകയും ചെയ്തു. രണ്ട് പേരുടെയും കുടുംബങ്ങളെ ഈ പ്രശ്‌നം ആശങ്കയിലാക്കി. ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിച്ചു- സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഗൗസ് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ഒത്തുതീര്‍പ്പുണ്ടാക്കിയതെന്ന് പൊലീസ് പുറത്ത് വിട്ടിട്ടില്ലായിരുന്നു. ഒരു ലക്ഷം രൂപ നല്‍കിയാല്‍ ചന്ദൂരുകാരനൊപ്പം ജീവിക്കാന്‍ താന്‍ വാശിപിടിക്കില്ലെന്ന് ജോഗിപ്പേട്ടക്കാരന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. എന്നാല്‍ 10,000 രൂപ നല്‍കി പ്രശ്‌നം ഒതുക്കിയതായും റിപ്പോർട്ടുകളുണ്ട്.

