Sunday, May 19, 2024
spot_img

തായ്‌ലാൻഡ് പൗരന്മാർക്ക് പിന്നാലെ 13 ഇസ്രയേലി പൗരന്മാരെ കൂടി വിട്ടയച്ച് ഹമാസ് !തായ് പൗരന്മാരുടെ മോചനം തങ്ങളുടെ ശക്തമായ പരിശ്രമത്തിന്റെ ഫലമെന്ന ഈജിപ്തിന്റെ വാദം തള്ളി

12 തായ്‌ലാൻഡ് പൗരന്മാരെ വിട്ടയച്ചതിന് പിന്നാലെ 13 ഇസ്രയേലി പൗരന്മാരെ കൂടി ഹമാസ് വിട്ടയച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയിലുണ്ടായ നാലു ദിവസത്തെ വെടിനിര്‍ത്തൽ കരാറിന്റെ ഭാഗമായാണ് ഹമാസ് ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ചത്. തായ്‌ലന്‍ഡിൽനിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്‍റെ ഭാഗമായല്ല. തങ്ങളുടെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അവകാശവാദമുന്നയിച്ചുവെങ്കിലും ഇക്കാര്യം ഹമാസ് തള്ളിക്കളഞ്ഞു. നടപടി മനുഷ്യ പരിഗണന നൽകിയെന്നാണ് ഹമാസ് വൃത്തങ്ങൾ അറിയിച്ചത്.

അതേസമയം റഫാ അതിര്‍ത്തിയില്‍ ബന്ദികളെ റെഡ്‌ക്രോസ് തങ്ങള്‍ക്കു കൈമാറിയതായി ഈജിപ്ത് സ്ഥിരീകരിച്ചു.

ബന്ദികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ ഇസ്രയേൽ പ്രതിരോധ സേനമണിക്കൂറുകൾക്ക് മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. സേനയുടെ ഹെലികോപ്റ്റർ ഇവരെ സ്വീകരിക്കാനായി ഗാസയ്ക്ക് സമീപത്തുള്ള ഈജിപ്ഷ്യൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ബന്ദികളെ അവരുടെ ബന്ധുക്കൾക്ക് കൈമാറും മുന്‍പ് വൈദ്യ സഹായം നൽകും. ടവലുകൾ, സാനിറ്ററി പാഡ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടെ ഹെലികോപ്റ്ററിൽ കരുതിയിട്ടുണ്ട്. ഇതിന്റെ വിഡിയോയും സേന പുറത്തുവിട്ടു. കമാൻഡോ സംഘത്തിനു പുറമെ ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലുണ്ട്.

ടെല്‍അവീവിലെ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കമാന്‍ഡ് സെന്ററില്‍ എത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗല്ലന്റും ബന്ദികളുടെ മോചനം നിരീക്ഷിക്കും.തിരികെയെത്തുന്ന ബന്ദികളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇസ്രയേൽ സേന പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനു പിന്നാലെ ഇരുന്നോറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇസ്രയേൽ പൗരന്മാർ തിരികെയെത്തിയതിന് ശേഷം ഇസ്രയേലി ജയിലുകളിലുള്ള 39 പലസ്തീനിയൻ തടവുകാരെ ഇന്ന് ഹമാസിനു കൈമാറും.

Related Articles

Latest Articles