Thursday, May 2, 2024
spot_img

ശ്രീരാമന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍; ഭക്തരുടെ വിശ്വാസങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ആലത്തിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന്റെ പ്രത്യേകത അറിയാം

ഭക്തരുടെ വിശ്വാസങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ മുസലിയാര്‍ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ആലത്തിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായി ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണെങ്കിലും ഹനുമാന്റെ പേരില്‍ അറിയപ്പെടുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ സ്വാമി ക്ഷേത്രം. ഹനുമാന് പ്രാധാന്യം നല്കുന്നതിനാല്‍ ആഞ്ജനേയ ഭക്തരുടെ തീര്‍ത്ഥാടന സ്ഥാനം കൂടിയാണിത്. ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം എന്നാണിതിന്റെ യഥാര്‍ത്ഥ നാമം.

ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠയായ ശ്രീരാമ വിഗ്രഹത്തിന് ഒരാള്‍ പൊക്കമുണ്ട്. അതിനു തൊട്ടടുത്ത ശ്രീകോവിലിലാണ് ഹനുമാന്‍ പ്രതിഷ്ഠയുള്ളത്. ഇവിടെ ശ്രീരാമന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് തല ഒരു വശത്തേയ്ക്ക് ചരിച്ചു നില്‍ക്കുന്ന രൂപമാണ് ഹനുമാന്റേത്. സീതയെ അന്വേഷിച്ച് പോകുന്ന ഹനുമാന് അടയാള വാക്യങ്ങളും ഒപ്പം തന്നെ സീതാ ദേവിയോട് പറയുവാനുള്ള കാര്യങ്ങളും ശ്രീരാമന്‍ ഹനുമാന്റെ ചെവിയില്‍ പറയുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇത് ലക്ഷ്മണന്‍ കേള്‍ക്കുവാന്‍ പാടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനം നാലമ്പലത്തിനു വെളിയിലാണ്.

ക്ഷേത്രം അറിയപ്പെടുന്നത് ഹനുമാന്റെ പേരിലാണെങ്കിലും അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പൂജ നടക്കാറില്ല. പകരം നിവേദ്യ സമര്‍പ്പണം മാത്രമാണുള്ളത്. അവലാണ് നിവേദ്യമായി സമര്‍പ്പിക്കുന്നത്. സീതയെ അന്വേഷിച്ച് പോയ ഹനുമാന് അവല്‍ ഒരു പൊതിയിലാക്കി നല്കി എന്നും അതിന്റെ ഓര്‍മ്മയിലാണ് ഹനുമാന് അവല്‍ നിവേദ്യം നടത്തുന്നത് എന്നുമാണ് വിശ്വാസം. അവലും കദളിപ്പഴവുമാണ് ഇവിടുത്തെ ഹനുമാന് പ്രിയമായിട്ടുള്ളത്. അവല്‍ സമര്‍പ്പിച്ചു ആഗ്രഹത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ഹനുമാന്‍ എന്താഗ്രഹവും നടത്തിത്തരും എന്നാണ് വിശ്വാസം.

രാത്രി ഉറക്കത്തില്‍ പേടി സ്വപ്നം കാണാതിരിക്കുവാന്‍
”ആലത്തിയൂര്‍ ഹനുമാനെ പേടിസ്വപ്‌നം കാണരുതേ പേടിസ്വപ്‌നം കണ്ടാലോ വാല് കൊണ്ട് തട്ടി ഉണര്‍ത്തണേ …” എന്നു ജപിച്ചാല്‍ മതിയെന്നാണ് ഇവിടുത്തെ ഒരു വിശ്വാസം. കുട്ടികളിലുണ്ടാവുന്ന ശ്വാസംമു‌ട്ടല്‍ മാറുവാനായി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് ഹനുമാന് പാളയും കയറും നിവേദ്യമായി നല്കിയാല്‍ മതിയെന്നാണ് വിശ്വാസം. ഗദാ സമര്‍പ്പണവും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ശത്രുദോഷം മാറുവാനും ശനി അപഹാരം വിട്ടുപോകുവാനും വിവാഹ ത‌ടസ്സം, ജോലി, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിലുള്ള തടസ്സങ്ങള്‍ എന്നിവ മാറുവാനും ഇവിടെ ഗദ സമര്‍പ്പിച്ചാല്‍ മതി എന്നൊരു വിശ്വാസമുണ്ട്. ഗദാ സമര്‍പ്പണം ഇവിടെ മാത്രമുള്ള പ്രത്യേകതയാണ്.

Related Articles

Latest Articles