ദില്ലി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പ്രഖ്യാപിച്ചതോടെ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ പോലീസ് നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഉണ്ടാകും.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ആസ്തികൾ കണ്ടു കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിനു ശേഷം സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കം കേന്ദ്ര സർക്കാർ നിരീക്ഷിക്കും.
അതേസമയം, കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഇതിനെതിരെ കെ എസ് ആർ ടി സി സമർപ്പിച്ച ഹർജി ഇന്ന് കോടതി പരിഗണിക്കും.

