Sunday, May 26, 2024
spot_img

കോൺഗ്രസ് ഏറ്റവും വലിയ ജാതിപ്പാർട്ടി!!! രൂക്ഷവിമർശനവുമായി ഹാർദിക് പട്ടേൽ

പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടേല്‍. ഏറ്റവും വലിയ ജാതിപ്പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ പത്രസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സിക്യൂട്ടീവ് ചെയര്‍മാനെന്ന ചുമതലയൊക്കെ പേപ്പറില്‍ മാത്രമായിരുന്നെന്നും കഴിഞ്ഞ രണ്ടുവര്‍ഷ കാലത്തോളം തനിക്ക് ഒരു ചുമതലയും പാര്‍ട്ടി നല്‍കിയിട്ടില്ലെന്നും ഹാര്‍ദിക് പറഞ്ഞു.

കോണ്‍ഗ്രസുമായി കുറച്ചുകാലമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഹാര്‍ദിക് പാര്‍ട്ടിയുമായുള്ള അസ്വാരസ്യം ഹാര്‍ദിക് പ്രകടിപ്പിച്ചിരുന്നു. ഹാര്‍ദിക് പാര്‍ട്ടി വിട്ടേക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു രാഹുല്‍ ഗാന്ധി നേതൃത്വം നല്‍തി റാലി ഗുജറാത്തില്‍ നടന്നത്. ഈ റാലിയില്‍ ഹാര്‍ദിക് പങ്കെടുത്തിരുന്നു. ഇതോടെ ഹാര്‍ദിക് പാര്‍ട്ടിയുമായി രമ്യതയിലെത്തി എന്നായിരുന്നു നേതാക്കള്‍ പ്രതീക്ഷച്ചത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പാടെ തകര്‍ത്തുകൊണ്ടാണ് ഹാര്‍ദിക് കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് നല്‍കുകയായിരുന്നു. രാജിക്കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹാര്‍ദിക് നടത്തിയത്.രാജ്യത്തിന്റേയും സമൂഹത്തിന്റേയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസ് നിരന്തരം പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം രാജിക്കത്തില്‍ വിമര്‍ശിച്ചിരുന്നു.

ഹാര്‍ദിക് പാര്‍ട്ടിവിട്ടുപോയ പ്രതിസന്ധിയില്‍ നില്‍ക്കവേയാണ് വീണ്ടും പാര്‍ട്ടിയെ കടന്നാക്രമിച്ചുകൊണ്ട് അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്വാഭാവത്തെക്കുറിച്ച് പാട്ടിദാര്‍ നേതാക്കള്‍ തനിക്കു മുന്നറിയിപ്പ് തന്നിരുന്നെന്നും അവരുടെ വാക്ക് കേള്‍ക്കാത്തതിന് മുതിര്‍ന്ന പാട്ടിദാര്‍ നേതാക്കളോടും സുഹൃത്തുക്കളോടും മാപ്പ് ചോദിക്കുന്നതായും ഹാര്‍ദിക് പറഞ്ഞു. തനിക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തനിനിറം മനസ്സിലായെന്നും ഹാര്‍ദിക് പറഞ്ഞു..

2015ലെ പാട്ടിദാര്‍ പ്രതിഷേധങ്ങളിലൂടെയാണ് ഹാര്‍ദിക് ശ്രദ്ധേയനായത്. 2019ലാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അടുത്തിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസുമായി ഇടഞ്ഞത്. തനിക്ക് വേണ്ടത്ര പ്രാധാന്യം പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

രാഹുല്‍ ഗാന്ധിക്കെതിരെയും ഹാര്‍ദിക് വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന സമയത്ത് രാഹുല്‍ വിദേശത്തായിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വത്തിനു ഗുജറാത്തോട് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപിയിലേക്ക് പോകാനാണ് ഹാര്‍ദിക് കോണ്‍ഗ്രസ് വിട്ടതെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഹാര്‍ദിക് ഈ വാദം തള്ളിക്കളഞ്ഞു. ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് എത്തുകയാണെങ്കില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാന്‍ ബിജെപി തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദിക് ബി.ജെ.പിക്കൊപ്പം പോയാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ വളരെ ദയനീയമാകും.

Related Articles

Latest Articles