കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇന്നലെ വൈകീട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക. കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്.

സംഭവത്തെ തുടർന്ന് കാസർകോട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ദേശീയപാത ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. കെപിസിസിയുടെ ഇന്നത്തെ ജനമഹായാത്രയും യു‍ഡിഎഫിന്റെ ഉഭയകക്ഷി ചർച്ചയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇന്ന് വൈകീട്ട് കാസർകോട്ടെത്തും.