കണ്ണൂർ: മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് മധ്യവയസ്കൻ. കഴിഞ്ഞ ദിവസം രാത്രി വളപട്ടണം ടോൾ ബൂത്തിനടുത്തുള്ള പെട്രോൾ പമ്പിന് മുന്നിലെ റോഡിലാണ് മധ്യവയസ്ക പെരുമ്പാമ്പിനെ ദേഹത്തിട്ട് വന്നത്. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡിൽ കണ്ട പെരുമ്പാമ്പിനെ ദേഹത്തിടുകയായിരുന്നു.
പെരുമ്പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കാൻ തുടങ്ങിയതോടെ ചന്ദ്രൻ നിലതെറ്റി താഴെ വീണു. ഈ സമയത്ത് പെരുമ്പാമ്പ് ചന്ദ്രന്റെ കഴുത്തിൽ കൂടുതൽ ശക്തമായി വരിഞ്ഞുമുറുക്കി. പെട്രോൾ പമ്പ് ജീവനക്കാരെത്തി പാമ്പിനെ വലിച്ചുമാറ്റി. പാമ്പ് ഉടൻ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് ഇഴഞ്ഞുപോയി. സമീപത്തുണ്ടായിരുന്ന മറ്റൊരാളാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
പെരുമ്പാമ്പിന്റെ വായ കൈകൊണ്ട് മുറുകെ പിടിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെത്തുന്നത്. വാലു കൊണ്ട് പാമ്പ് കഴുത്തിൽ മുറുകെ ചുറ്റുകയും ചെയ്തിരുന്നു. പാമ്പിന്റെ പിടിയിൽ മധ്യവയസ്‌കന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി, ശ്വാസം കിട്ടാതെ അപകടരമായ നിലയിലായിരുന്നു ഇയാൾ. പാമ്പിനെ വേർപെടുത്തിയ ഉടനെ തന്നെ ഇയാൾ സ്ഥലം വിട്ടതായാണ് പമ്പ് ജീവനക്കാർ അറിയിക്കുന്നത്.

