Sunday, May 19, 2024
spot_img

13 ദിവസം അമ്മയ്ക്കായി കാത്തിരുന്നു, എന്നാൽ അമ്മ വന്നില്ല; ഒടുവിൽ കൃഷ്ണ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം മൂർച്ഛിച്ച് ചൊവ്വാഴ്ച ചരിഞ്ഞു. 13 ദിവസം കൃഷ്ണ അമ്മയ്ക്കായി കാത്തിരിപ്പിലായിരുന്നു. കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതിനെ തുടർന്ന് 16നാണ് വനപാലകർ കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ഒരുവയസ് പ്രായമുള്ള ആനക്കുട്ടിയെ കൃഷ്ണയെന്ന് പേരിടുകയും ചെയ്തു.

നന്നേ ക്ഷീണിതനായ ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു നി​ഗമനം. എന്നാൽ, നാല് ദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടർന്നാണ് ചികിത്സക്കായി ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്. ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി. വെറ്ററിനറി ഡോക്ടർ പ്രത്യേക പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെത്തിയത് രണ്ട് ദിവസത്തിന് മുന്‍പാണ്. വ്യാഴാഴ്ച തള്ളയാനയ്ക്കൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് കുട്ടിയാന തനിയെ നില്‍ക്കുന്നത് കണ്ട് വനംവകുപ്പിനെ വിവരം അറിയിച്ചത്.

Related Articles

Latest Articles