Saturday, May 4, 2024
spot_img

ഇന്ത്യക്കാർ കഴിച്ച ‘ഡോളോ 650’ ചേർത്താൽ എവറസ്റ്റിനെക്കാൾ 6,000 മടങ്ങും ബുർജ് ഖലീഫയെക്കാൾ 63,000 മടങ്ങും ഉയരം; കോവിഡ് തരംഗത്തിൽ വിറ്റഴിച്ചത് ഏകദേശം 350 കോടി ഗുളികകൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ദില്ലി: 2020ൽ കോവിഡ് മഹാമാരിയിലൂടെ ഇന്ത്യ കടന്നുപോകുമ്പോൾ ഏകദേശം 350 കോടി ഡോളോ 650 ഗുളികൾ വിറ്റഴിച്ചെന്ന് ഞെട്ടിപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്തുവരുന്നു.

മാത്രമല്ല 350 കോടി ഡോളോ 650 ഗുളികകൾ ലംബമായി അടുക്കിയാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെക്കാൾ 6,000 മടങ്ങും ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ 63,000 മടങ്ങും ഉയരമുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാധാരണയായി പനി, തലവേദന എന്നീ ലക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന ഡോളോ, പാരസെറ്റാമോൾ ഗുളികകളുടെ വിൽപ്പനയിലാണ് ഈ ചരിത്ര റെക്കോർഡ് നേടിയിരിക്കുന്നത്.

കോവിഡിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് പനിയും തലവേദനയും. ഇതിനാണ് ഡോളോ അടക്കമുള്ള പാരസെറ്റാമോൾ ഗുളികകൾ നമ്മൾ ഉപയോഗിക്കുന്നത്.

എന്നാൽ പാരസെറ്റാമോളാണ് പനിക്കും ജലദോഷത്തിനും ഏറ്റവും കൂടുതൽപേർ ഉപയോഗിക്കു​ന്നത്. ഇതിൽതന്നെ ഡോളോ 650യുടെ ഇന്ത്യയിലെ വിൽപ്പന ഇരട്ടിയായി വർധിച്ചു.

1.5 സെന്റിമീറ്ററാണ് ഒരു ഡോളോ 650യുടെ വലിപ്പം. കോവിഡിന് മുൻപ് 2019ലെ കണക്കിൽ 7.5 കോടി സ്ട്രിപ്പ് ഡോളോ ഗുളികളാണ് വിട്ടുപോയത്. 15 ഗുളികളാണ് ഒരു സ്ട്രിപ്പിൽ ഉണ്ടാവുക.

അതുപോലെ തന്നെ കോവിഡിന് മുൻപ് പാരസെറ്റാമോളിന്റെ എല്ലാ വിഭാഗത്തിലെയും ഗുളികകളുടെയും വിൽപ്പന 530 കോടിയായിരുന്നു. എന്നാൽ 2021 ഓടെ ഇവയുടെ വിൽപ്പനയിൽ 70 ശതമാനം ഉയർന്നു. ഇതോടെ വാർഷിക വരുമാനം 924 കോടിയിലെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൂടാതെ 2021ൽ 307 കോടി രൂപയുടെ വിൽപ്പന നടത്തി രാജ്യത്തെ രണ്ടാമത്തെ പനി-വേദന സംഹാരി ഗുളികയായി ഡോളോ മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജി.എസ്.കെയുടെ കാൽപോളാണ് ഒന്നാം സ്ഥാനത്ത്. വിറ്റുവരവ് 310 കോടി രൂപ.

അതേസമയം വിൽപ്പനയിൽ മാത്രമല്ല, ഗൂഗിൾ സെർച്ചിലും ഒന്നാംസ്ഥാനം ഡോളോക്കാണ്. 2020 ജനുവരി മുതൽ രണ്ടുലക്ഷത്തിലധികം സെർച്ചുകളാണ് ഡോളോ 650ക്കെത്തിയത്. കാൽപോൾ 650 തിരഞ്ഞത് 40,000 തവണയും.

Related Articles

Latest Articles