Saturday, May 18, 2024
spot_img

സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ മിത്ര 181; കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് വേണ്ടി സംസ്ഥാനത്ത് പ്രവൃത്തിക്കുന്ന മിത്ര 181 കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. സ്ത്രീകൾക്ക് കൂടുതൽ സഹായകരമാകുന്ന രീതിയിൽ സേവനം വിപുലപ്പെടുത്തണമെന്നും,181 എന്ന നമ്പരിലൂടെ വനിതകള്‍ക്ക് എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

‘ഈ പദ്ധതി ആരംഭിച്ചിട്ട് മാര്‍ച്ച്‌ 27ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതുവരെ 1.25 ലക്ഷം പേര്‍ക്ക് പൂര്‍ണ സേവനം നല്‍കിയിട്ടുണ്ട്. ശരാശരി 300 കോളുകളാണ് പ്രതിദിനം മിത്ര 181ല്‍ എത്തുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിളിക്കുന്ന കോളുകളും വിവരാന്വേഷണത്തിനായി വിളിക്കുന്ന കോളുകളുമാണ് അധികവും. 3 ഷിഫ്റ്റുകളില്‍ 12 വനിതകളാണ് മിത്ര 181ല്‍ സേവനമനുഷ്ഠിക്കുന്നത്. നിയമം അല്ലെങ്കില്‍ സോഷ്യല്‍വര്‍ക്ക് മേഖലയില്‍ ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് ഇതില്‍ നിയമിച്ചിട്ടുള്ളത്. വിദഗ്ധ പരിശീലനവും തുടര്‍ പരിശീലനവും ഇവര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്’, മന്ത്രി വ്യക്തമാക്കി.

‘മിത്ര 181 ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കുന്നവര്‍ക്ക് പോലീസ്, ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍, മറ്റ് സംവിധാനങ്ങള്‍ പോലുള്ള ഉചിതമായ ഏജന്‍സികളിലേക്കുള്ള റഫറലുകള്‍ വഴി സേവനം ഉറപ്പാക്കുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ നേരിടുന്ന സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവര്‍ക്ക് മിത്ര 181 ഹെല്‍പ്പ് ലൈനിന്റെ 24/7 സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. സ്ത്രീകള്‍ക്ക് നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ കര്‍മ്മനിരതമാണ് മിത്ര 181. എല്ലാ സ്ത്രീകളും മിത്ര 181 ഓര്‍ത്ത് വയ്ക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ സേവനം പ്രയോജനപ്പെടുത്തണം’, മന്ത്രി കൂട്ടിച്ചേർക്കുകയുണ്ടായി.

Related Articles

Latest Articles