Thursday, October 29, 2026

എഎപി.യ്ക്ക് കനത്ത തിരിച്ചടി ! ദില്ലി സാമൂഹ്യക്ഷേമമന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു

ദില്ലി മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ അരവിന്ദ് കെജ്‌രിവാൾ ദില്ലി മദ്യനയഅഴിമതിക്കേസിൽ റിമാൻഡിലായതിന് പിന്നാലെ ആംആദ്മി പാർട്ടിക്ക്‌ കനത്ത തിരിച്ചടി സമ്മാനിച്ച് കൊണ്ട് ദില്ലി സർക്കാരിലെ മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ച് അദ്ദേഹം പാർട്ടി അംഗത്വവും രാജിവച്ചു.

പട്ടേൽ നഗർ വിധാൻ സഭ മണ്ഡ‍ലത്തിൽനിന്നുള്ള എംഎൽഎയാണ് രാജ്‍കുമാർ ആനന്ദ്. മാർച്ച് 21 ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിലായതിന് പിന്നാലെ മന്ത്രിസഭയിൽ നിന്നുള്ള ആദ്യരാജിയാണിത്.

അതേസമയം ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസിൽ കെജ്‌‍രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവ് സമർപ്പിക്കാൻ ഇഡി അന്വേഷണസംഘത്തിന് കഴിഞ്ഞുവെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles