Friday, May 10, 2024
spot_img

മഴ തകർക്കുന്നു; ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ച് കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍, നിരോധനം ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ

പത്തനംതിട്ട: അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിരോധിക്കാൻ ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവിട്ടു. കൂടാതെ മലയോരത്തു നിന്നും മണ്ണ് വെട്ടിമറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

ഇക്കാര്യങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം.

ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ പ്രസ്തുത പരാതികളിന്മേല്‍ സത്വര നടപടികള്‍ സ്വീകരിക്കുകയും അത്തരം പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും കാരണക്കാരായവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005, 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Latest Articles