Sunday, April 28, 2024
spot_img

ശമിക്കാതെ മഴ; മഴക്കെടുതിയിൽപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തത് ആറ് മരണം, ഒരാളെ കാണാതായി; സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ ആരംഭിച്ച അതിതീവ്രമഴയിൽ ഇതുവരെ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ മഴയെ തുടർന്നുണ്ടായ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ഇതുവരെ അഞ്ച് വീടുകൾ മഴക്കെടുതിയിൽ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിൽ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. നെയ്യാർ ഡാമിന്‍റെ നാലു ഷട്ടറുകളും അഞ്ചു സെന്‍റീമീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു.അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. പൊലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles