Friday, May 3, 2024
spot_img

കനത്ത മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി; ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

ആലപ്പുഴ: പെരുമഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

മാത്രമല്ല തിരുവല്ല, ചെങ്ങന്നൂർ മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ബുധനൂർ, ചെന്നിത്തല, ചെറിയ നാട്, വെൺമണി പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. വെൺമണിയിലും ചെറിയനാടും രണ്ടു ദുരിതാശ്വാസ ക്യാംപുകൾ വീതം തുറന്നു കഴിഞ്ഞു.

അച്ചൻകോവിലാർ, കുട്ടമ്പേരൂരാർ, പുത്തനാർ എന്നിവ കരകവിഞ്ഞൊഴുകുന്നു. കുട്ടനാട്ടിൽ ആറുകളിലും തോടുകളൂം ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കൈനകരി, കാവാലം, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളിലാണ് രൂക്ഷമായ വെള്ളപ്പൊക്കം.

അതേസമയം ആലപ്പുഴ – ചങ്ങനാശേരി റോഡിൽ രാവിലെ വെള്ളക്കെട്ടൊഴിഞ്ഞെങ്കിലും വേലിയേറ്റം വർധിക്കുന്നത് ജലനിരപ്പ് ഉയരാനിടയാക്കിയിട്ടുണ്ട്. ഇപ്പോൾ ഒന്നാം കരയ്ക്കും പള്ളിക്കുട്ടുമ്മയ്ക്കും ഇടയിലാണ് വെള്ളക്കെട്ടുള്ളത്. കിടങ്ങറ പെട്രോൾ പമ്പിനു സമീപവും വെള്ളം കയറി. ഈ പ്രദേശത്ത് വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കായംകുളം – പുനലൂർ റോഡിൽ വെട്ടിക്കോട്ട് ചാൽ നിറയാറായി. മഴ തുടർന്നാൽ കെപി റോഡിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.

കൂടാതെ കെപി റോഡിലെ നൂറനാടു നിന്നും എംസി റോഡിലെ പന്തളത്തേക്കുള്ള റോഡിൽ കുടശ്ശനാട് മാവിളമുക്കിൽ വെള്ളം കയറിത്തുടങ്ങി. കരിങ്ങാലിൽ ചാൽ പുഞ്ചയിൽ വെള്ളം നിറഞ്ഞതിനെത്തുടർന്നാണ് റോഡിൽ വെള്ളം കയറിയത്. അച്ചൻകോവിലാറ്റിൽ വെള്ളം കയറുന്നത് മാവേലിക്കര താലൂക്കിലെ പല റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാനിടയാക്കും.

Related Articles

Latest Articles