Friday, May 3, 2024
spot_img

തോരാതെ ദുരിത മഴ ; ജില്ലയിൽ ഉദ്യോഗസ്ഥരോട് ഞായറാഴ്ചയും ഡ്യൂട്ടിക്ക് ഹാജരാകാൻ ഉത്തരവിട്ട് പത്തനംതിട്ട കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ

പത്തനംതിട്ട: കനത്ത പേമാരി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെ ഉദ്യോഗസ്ഥരോട് ഞായറാഴ്ചയും ജോലിക്ക് ഹാജരാകാൻ നിർദ്ദേശിച്ച് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ.

ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവൻ ജീവനക്കാരും, തൊഴിലാളികളും ഓഫീസുകളിൽ കൃത്യമായി ഹാജരാകാൻ നിർദേശിക്കണമെന്നുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ കളക്ടർ ദിവ്യ ഉത്തരവിട്ടത്.

നവംബർ 15 മുതൽ 20 വരെ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കുന്നു. മാത്രമല്ല ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ അധികാര പരിധിയിലെ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും കളക്ടർ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ ഗർഭിണികൾ, അംഗപരിമിതർ, മറ്റ് ആരോഗ്യപ്രശ്നങ്ങളാൽ നിലവിൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നവർ എന്നിവർക്ക് ഉത്തരവിൽ ഇളവുണ്ട്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട മേലധികാരികൾ ഉടൻതന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം.

ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും ആറിയിച്ചിട്ടുണ്ട്.

അതേസമയം ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇന്ന് തുറന്നു പ്രവർത്തിക്കാൻ കളക്ടർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തുടർച്ചയായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ മിക്കതിലും വെളളം കയറിയിട്ടുണ്ട്

Related Articles

Latest Articles