Thursday, November 5, 2026

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം; കേരളത്തിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം; ജാഗ്രത നിർദ്ദേശം

കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. പത്തനാപുരം, പിറവന്തൂർ, പട്ടാഴി, കൊട്ടാരക്കര, നിലമേൽ മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്.

പ്രദേശത്ത് വലിയ ശബ്ദം കേട്ടതായും 20, 40 സെക്കൻഡ് വരെ പ്രകമ്പനമുണ്ടായെന്നുമാണ് നാട്ടുകാർ നൽകുന്ന വിവരം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് ജില്ലയുടെ വിവിധയിടങ്ങളിൽ മഴ പെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ജാഗ്രത പാലിക്കണം.

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴ അടുത്ത നാലുദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ ഇന്ന് ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.

Related Articles

Latest Articles