Thursday, October 22, 2026

ശക്തമായ മഴ തുടരുന്നു; സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, പല ഷട്ടറുകളും തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ വിവിധ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച അതിശക്തമായ മഴയെ തുടർന്നാണ് മിക്ക ഡാമുകളിലും ജലനിരപ്പ് ഉയർന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഡൈവർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകൾ നിറഞ്ഞതോടെ കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.

സംസ്ഥാനത്തെ എല്ലാ പ്രധാന ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിലെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. പേപ്പാറ ഡാമിലും ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് ഷട്ടറുകൾ തുറന്നു.

പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂഴിയാർ ഡാമിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നദികളിൽ ബോട്ടുകളും വള്ളങ്ങളും പള്ളിയോടങ്ങളും ഇറക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശബരിമല തീർഥാടകർ നദികളിൽ കുളിക്കുന്നതിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

പാലക്കാട് ജില്ലയിൽ മംഗലം ഡാമിന്റെ ആറ് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ വീതം ഉയർത്തി. തൃത്താലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകളും തുറന്നതോടെ ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles