Tuesday, October 27, 2026

‘സെൽഫി’ എന്ന ട്രെൻഡ് വരുംമുമ്പേ മമ്മൂട്ടിയുടെ പരീക്ഷണം; 2009-ലെ അപൂർവ ചിത്രം പങ്കുവെച്ച് ആഷിക് അബു

കൊച്ചി: പുതിയ സാങ്കേതികവിദ്യകളോട് എന്നും പ്രത്യേക താൽപര്യം പുലർത്തുന്ന നടൻ മമ്മൂട്ടിയുടെ വർഷങ്ങൾ പഴക്കമുള്ള ഒരു സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സംവിധായകൻ ആഷിക് അബുവാണ് 2009-ൽ പകർത്തിയ ഈ അപൂർവ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

മമ്മൂട്ടി നായകനായ ‘ഡാഡി കൂൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഹോങ്കോങ്ങിൽ വെച്ചാണ് ഈ ചിത്രം എടുത്തതെന്നാണ് കരുതുന്നത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സി.ഐ. ആന്റണി സൈമണിന്റെ മകനായി അഭിനയിച്ച മാസ്റ്റർ ധനഞ്ജയും സെൽഫിയിൽ കാണാം.

ചിത്രത്തിനൊപ്പം ആഷിക് അബു കുറിച്ച വാക്കുകളും ശ്രദ്ധേയമായി. “ഫോണുകൾക്ക് സെൽഫി എങ്ങനെ എടുക്കണമെന്ന് അറിയുന്നതിന് മുമ്പേ… 2009. ഫ്രണ്ട് ക്യാമറയോ പ്രിവ്യൂവോ ഇല്ലാതിരുന്ന കാലം,” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇന്നത്തെ സ്മാർട്ട്ഫോൺ കാലഘട്ടത്തിന് മുമ്പേ മമ്മൂട്ടി ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്.

പുതിയ ക്യാമറകളും മൊബൈൽ ഫോണുകളും സ്വന്തമാക്കുന്നതിലും അവയുടെ സാങ്കേതികവിദ്യകൾ അടുത്തറിയുന്നതിലും മമ്മൂട്ടിക്ക് എന്നും പ്രത്യേക താൽപര്യമുണ്ടെന്ന് സിനിമാരംഗത്ത് പലരും പറഞ്ഞിട്ടുണ്ട്. പുതിയ ഗാഡ്ജറ്റുകൾ പുറത്തിറങ്ങുമ്പോൾ അവ തന്റെ ശേഖരത്തിലേക്ക് എത്തിക്കുകയും അവയുടെ പ്രത്യേകതകൾ സുഹൃത്തുക്കൾക്ക് വിശദീകരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പതിവാണ്.

ആഷിക് അബുവിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്നു ‘ഡാഡി കൂൾ’. തുടർന്ന് 2014-ൽ പുറത്തിറങ്ങിയ ‘ഗ്യാങ്സ്റ്റർ’ എന്ന ചിത്രത്തിലും മമ്മൂട്ടിയും ആഷിക് അബുവും ഒന്നിച്ചു പ്രവർത്തിച്ചു. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.

ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബ്’ ആയിരുന്നു. ആക്ഷൻ-കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം 2024 ഡിസംബറിലായിരുന്നു റിലീസ്. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിജയരാഘവൻ, വിനീത് കുമാർ എന്നിവർക്കൊപ്പം ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ ആണ്. മോഹൻലാൽ, ഫഹദ് ഫാസിൽ, നയൻതാര എന്നിവരടക്കമുള്ള വൻ താരനിര അണിനിരന്ന ചിത്രത്തിന് ശേഷം, അടൂർ ഗോപാലകൃഷ്ണന്റെ ‘പദയാത്ര’, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഓം’ എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന പ്രധാന റിലീസുകൾ

Related Articles

Latest Articles