ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളിലൊന്നായ ഇസ്ഫാഹാനിൽ അമേരിക്കയുടെ കനത്ത വ്യോമാക്രമണം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ ‘ബങ്കർ ബസ്റ്റർ’ ബോംബുകളാണ് അമേരിക്ക ഉപയോഗിച്ചത്. ഇസ്ഫാഹാനിലെ വൻ ആയുധശേഖരത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് തന്നെ സാമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഇസ്രായേലുമായി ചേർന്ന് നടത്തിയ ഈ സംയുക്ത നീക്കത്തിൽ ഏകദേശം 907 കിലോഗ്രാം ഭാരമുള്ള 2,000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബുകളാണ് പ്രയോഗിച്ചതെന്ന് പെന്റഗൺ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിക്കടിയിലുള്ള സൈനിക താവളങ്ങളെയും ആയുധപ്പുരകളെയും തകർക്കാൻ ശേഷിയുള്ളവയാണ് ഈ ബോംബുകൾ. ഇസ്ഫാഹാനിലെ ബദർ സൈനിക വ്യോമതാവളത്തിന് സമീപമുള്ള ആയുധ ഡിപ്പോയാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇസ്ഫാഹാനിലെ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറാകാത്ത പക്ഷം ഊർജ്ജ നിലയങ്ങളും ആണവ കേന്ദ്രങ്ങളും തകർക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ഫാഹാനിൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ വർഷം ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന പേരിൽ ഇതേ നഗരത്തിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. നിലവിലെ ആക്രമണം പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതിയാണ് പടർത്തുന്നത്. പാകിസ്ഥാൻ, ഈജിപ്ത്, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ നയതന്ത്രപരമായ ചർച്ചകളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കൻ നീക്കം. ഇറാന്റെ സഹായ ദൗത്യത്തിന് ഇന്ത്യയിലേക്ക് പുറപ്പെടാനിരുന്ന വിമാനവും ആക്രമണത്തിൽ തകർത്തതായി സൂചനകളുണ്ട്.

