Monday, December 29, 2025

ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ യു.എസ് പങ്ക് ആരോപിച്ച് ചൈനീസ് മാധ്യമങ്ങൾ

ദില്ലി: കുനൂരിൽ നടന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നില്‍ അമേരിക്കയുടെ പങ്ക് ആരോപിച്ച് ചൈന. റഷ്യ- ഇന്ത്യ ആയുധ ഇടപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ ട്വീറ്റ്. റഷ്യയുമായുള്ള എസ്- 400 മിസൈൽ ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ അമേരിക്ക ഉയർത്തിയ ആശങ്കയാണ് ഇതിന് കാരണമായി പ്രധാനമായും ചൈന ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരനും സ്ട്രാറ്റജിസ്റ്റുമായ ബ്രഹ്മ ചെൽനിയുടെ ട്വീറ്റ് ഉദ്ധരിച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം.

സംയുക്ത സൈനിക മേധാവി ജനറൽ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടവും 2020ൽ തായ്വാൻ ചീഫ് ജനറലിന്റെ ഹെലികോപ്ടർ അപകടവും തമ്മിൽ സാമ്യമുണ്ട് എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. തായ്വാൻ ചീഫ് ജനറൽ ഷെൻ യി മിങ് അടക്കം ഏട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് മേജർ ജനറലും ഉൾപ്പെടും. രണ്ട് ഹെലികോപ്ടർ അപകടങ്ങളിലും പ്രതിരോധനിരയിലെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ആളുടെ ജീവനെടുത്തു എന്നായിരുന്നു ചെൽനിയുടെ ട്വീറ്റ്. ഇത് പങ്കുവെച്ചു കൊണ്ടായിരുന്നു ഗ്ലോബൽ ടൈംസിന്റെ ആരോപണം.

ചെൽനിയുടെ വാക്കുകൾ വ്യക്തമാക്കുന്നത് ഹെലികോപ്ടർ അപകടത്തിന് പിന്നിൽ അമേരിക്ക പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നാണ്. പ്രതിരോധശേഷിക്ക് കരുത്തേകാനായി ഇന്ത്യ റഷ്യയുടെ പക്കൽനിന്ന് വാങ്ങിയ എസ് -400 മിസൈലിനെതിനെ അമേരിക്ക ശക്തമായ ആശങ്ക അറിയിച്ചിരുന്നുവെന്നും ഗ്ലോബൽ ടൈംസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം,താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് ചെൽനി രംഗത്തെത്തി. ചൈന കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെ പങ്ക് എന്ന് താൻ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. തന്റെ ട്വീറ്റ് ദുരുപയോഗം ചെയ്തുവെന്നും ചൈനയുടെ വികൃതമായ ചിന്താഗതിയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

Latest Articles