ചെന്നൈ: തമിഴ്നാട് ട്രിച്ചിയിലെ തിരക്കേറിയ മാർക്കറ്റിൽ ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം.35-കാരനായ രവിയാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം ഉണ്ടായത്.
മാർക്കറ്റിൽ കച്ചവടക്കാരനിൽ നിന്നും ബലൂൺ വാങ്ങുന്നതിനിടെയാണ് ഹീലിയം ടാങ്ക് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും മറ്റ് ചില വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അശ്രദ്ധമായി ഹീലിയം ടാങ്ക് കൈകാര്യം ചെയ്ത ബലൂൺ വിൽപ്പനക്കാരനായ നർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലൂണുകൾ വാങ്ങുകയായിരുന്ന യുവാവ് ഹീലിയം ടാങ്കിനടുത്ത് നിൽക്കുകയായിരുന്നു. സ്ഫോടനത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചതായി പൊലീസ് അറിയിച്ചു. നഗരത്തിലെ ഫോർട്ട് പ്രദേശത്തെ ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകളിൽ സ്‌ഫോടന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ കടയ്ക്ക് മുൻവശത്തായിരുന്നു കച്ചവടക്കാരൻ ബലൂൺ വിറ്റിരുന്നത്.
പെട്ടെന്നുള്ള സ്ഫോടനത്തിൽ ജനങ്ങൾ പേടിച്ചു പകച്ച് പരക്കം പായുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

