ദില്ലി : ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലാത്തവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ അവസാനിപ്പിച്ചേക്കും. ഈ കേസുകളില്‍ വിചാരണ കോടതിയില്‍ നടപടികള്‍ അവസാനിപ്പിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ട് കൈമാറാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നേരത്തെ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാനാകില്ലെന്ന് വ്യക്തമാക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലാത്തവരുടെ പരാതികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ അവസാനിപ്പിക്കുമെന്ന സൂചനയാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷാകന്‍ രഞ്ജിത്ത് കുമാര്‍ നല്‍കിയത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തില്‍ നടപടി എടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഹേമ കമ്മിറ്റി മൊഴികളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരായ ഹര്‍ജികളില്‍ ഡിസംബര്‍ 19 നാണ് സുപ്രീംകോടതി വിശദമായ വാദം കേൾക്കുക. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും അന്ന് തീരുമാനമുണ്ടാകും.

