ടെഹ്‌റാൻ : ഇസ്രായേൽ സൈന്യം വധിക്കുമെന്ന് ഭയന്ന് ലെബനനിൽ നിന്നും ഇറാനിലേക്ക് പലായനം ചെയ്ത് ഹിസ്ബുള്ള നേതാവ്. ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയ നയീം ഖാസിം ആണ് ലെബനൻ വിട്ടത്. ലെബനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ പ്രത്യാക്രമണം കടുപ്പിച്ചതിന് പിന്നാലെയായിരുന്നു ഇറാനിലേക്കുള്ള നയീമിന്റെ പലായനം. ഈ മാസം അഞ്ചിനായിരുന്നു നയീം പ്രത്യേക വിമാനത്തിൽ ഇറാനിലേക്ക് കടന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുള്ളയുടെ മറ്റ് നേതാക്കൾ ഭയപ്പാടിലാണ്. ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ നയീം, നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം മൂന്ന് തവണ മാത്രമാണ് പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരു തവണ ബെയ്‌റൂട്ടിലും രണ്ട് തവണ ടെഹ്‌റാനിലും ആണ് നയീം പ്രസംഗിച്ചിരുന്നത്. ഇതിന് ശേഷം നയീമിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇറാനിലേക്ക് കടന്നതായുള്ള വിവരം പുറത്തുവരുന്നത്.

