ടെൽ അവീവ്: തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ടയും അതിനു ചുറ്റുമുള്ള മലനിരകളും പിടിച്ചെടുത്ത് ഇസ്രായേൽ സൈന്യം. ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അതിർത്തിയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക് മുകളിൽ ഇസ്രായേലിന്റെയും ഗോലാനി ബ്രിഗേഡിന്റെയും പതാകകൾ സൈന്യം ഉയർത്തി. എന്നാൽ, കോട്ട പിടിച്ചടക്കുന്നതിനിടയിൽ അതിർത്തിക്കടുത്ത് വെച്ചുണ്ടായ ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലബനനിലെ ലിതാനി നദിയുടെ വളവുകൾ കടന്ന് ബോഫോർട്ട് മലനിരകളിലും വാദി സലൂക്കി അരുവി പ്രദേശങ്ങളിലും ഇസ്രായേൽ പ്രതിരോധ സേന കരസേനാ നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ സഹായത്തോടെ ഹിസ്ബുള്ള വലിയ തോതിൽ സൈനിക പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള മേഖലയാണിത്. ഇവിടെ നിന്നാണ് ഇസ്രായേലിന് നേരെ മുൻപ് നൂറുകണക്കിന് റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നു. ലബനനിലെ ഹിസ്ബുള്ളയുടെ പ്രധാന കോട്ടയായ നബാതിയയ്ക്ക് സമീപമാണ് ഇപ്പോൾ ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. കരസേനാ നീക്കത്തിന് മുന്നോടിയായി ഇസ്രായേൽ വ്യോമസേനയും പീരങ്കിപ്പടയും പ്രദേശത്ത് അതിശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു.
നാൽപത്തിനാല് വർഷങ്ങൾക്ക് മുൻപ്, അതായത് 1982-ലെ ഒന്നാം ലബനൻ യുദ്ധകാലത്ത് പലസ്തീൻ വിമോചന സംഘടനയുമായി (പി.എൽ.ഒ) ഏറ്റുമുട്ടിയാണ് ഇസ്രായേലിന്റെ ഗോലാനി ബ്രിഗേഡ് ആദ്യമായി ബോഫോർട്ട് കോട്ട പിടിച്ചെടുത്തത്. അന്ന് ആറ് ഇസ്രായേൽ സൈനികർ അവിടെ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 2000ത്തിൽ തെക്കൻ ലബനനിൽ നിന്നും പൂർണ്ണമായി പിൻവാങ്ങുന്നത് വരെ 18 വർഷക്കാലം ഇസ്രായേൽ ഈ കോട്ട കൈവശം വെച്ചിരുന്നു. ചരിത്രപരമായ പ്രാധാന്യമുള്ള ഈ കോട്ട വീണ്ടും പിടിച്ചെടുത്തതിലൂടെ, ഇസ്രായേൽ പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ശത്രുക്കൾക്ക് അവരുടെ തന്ത്രപ്രധാനമായ ആസ്തികൾ ഒന്നൊന്നായി നഷ്ടപ്പെടുമെന്ന ശക്തമായ മുന്നറിയിപ്പാണ് നൽകുന്നതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രസ്താവിച്ചു. ലബനനിൽ ഇസ്രായേൽ നിർമ്മിക്കുന്ന സുരക്ഷാ മേഖലയുടെ ഭാഗമായി സൈന്യം ഈ കോട്ടയിൽ തുടർന്നും നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ തെക്കൻ ലബനനിലുള്ള മുഴുവൻ ജനങ്ങളോടും എത്രയും വേഗം ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം വീണ്ടും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിസ്ബുള്ള താവളങ്ങൾക്ക് സമീപം തുടരുന്നവർ സ്വന്തം ജീവൻ അപകടത്തിലാക്കുകയാണെന്ന് സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. ഇതിനിടയിലും ഇസ്രായേലിന്റെ അതിർത്തി നഗരങ്ങളായ മെതുല, കിര്യത് ഷ്മോന, ഗലീലി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. കടുത്ത സുരക്ഷാ ഭീഷണിയെത്തുടർന്ന് അതിർത്തി ഗ്രാമങ്ങളിലെ സ്കൂളുകൾ അടച്ചിടാൻ ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് ഉത്തരവിട്ടു. കൂടാതെ വടക്കൻ ഇസ്രായേലിലെ നിരവധി ദേശീയ പാർക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അധികൃതർ അടിയന്തരമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

