Wednesday, May 15, 2024
spot_img

കൊച്ചി കുഫോസ് സർവകലാശാല ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറ, പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥിനികൾ; ഹോസ്റ്റലിൽ മതിയായ സുരക്ഷയില്ലെന്ന് ആരോപണം; പ്രതിയെ കണ്ടെത്താനാവാതെ പോലീസ്

കൊച്ചി: കേരള ഫിഷറീസ് സ‍ർവകലാശാലയില്‍ ലേഡീസ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥിനികൾ. ഹോസ്റ്റലിൽ മതിയായ സുരക്ഷയില്ലെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. സംഭവത്തിൽ പ്രതിയെ പിടികൂടണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നുമാവശ്യപെട്ട് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥിനികള്‍.

വെള്ളിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഫോസ് ഹോസ്റ്റലിന്‍റെ ഒന്നാം നിലയിലെ ശുചിമുറിയിലാണ് മൊബൈൽ ഫോണ്‍ ക്യാമറ കണ്ടെത്തിയത്. ക്യാമറ കണ്ട പെണ്‍കുട്ടി നിലവിളിച്ചതോടെ ഒളിച്ചു നിന്നയാള്‍ ഫോണുമായി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് വിദ്യാർത്ഥിനികൾ പോലീസിനോട് പറഞ്ഞു. നിലവിൽ പനങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥിനികളുടെ പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് യൂണിവേഴ്സിറ്റി അധികൃത‍ർ വ്യക്തമാക്കുന്നത്.

അതേസമയം, ഹോസ്റ്റലിൽ മതിയായ സുരക്ഷയില്ലാത്തത് സംഭവത്തിന്റെ മൂല കാരണമെന്നാണ് ആരോപണം. 157 കുട്ടികളുള്ള ഹോസ്റ്റലിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. സിസിടിവികള്‍ കാലങ്ങളായി പ്രവർത്തന രഹിതമാണ്. ഹോസ്റ്റൽ പരിസരത്ത് കാട് മൂടിയ അവസ്ഥയിലാണെന്നും രാത്രിയിൽ വേണ്ടത്ര വെളിച്ചം പോലുമില്ലെന്നും വിദ്യാർത്ഥിനികൾ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഹോസ്റ്റൽ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകാനുള്ള കാരണമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. സംഭവത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പഠിപ്പ് മുടക്കുന്നത് അടക്കമുള്ള സമരത്തിലേക്ക് കടക്കാനാണ് വിദ്യാർത്ഥിനികളുടെ തീരുമാനം.

Related Articles

Latest Articles