Sunday, May 19, 2024
spot_img

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് നിലപാട് അറിയിച്ചത് എന്തടിസ്ഥാനത്തില്‍?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എന്തടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രിംകോടതിയെ അറിയിച്ചതെന്ന് കോടതി ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലെ ആറാംപ്രതിയായ പ്രദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

ദിലീപിനെതിരെ ഇപ്പോള്‍ കുറ്റം ചുമത്തില്ലെന്നും, ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയിലെത്തിയെന്നുമാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രിംകോടതിയെ അറിയിച്ചത്. ഇതിനെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് കോടതിയാണ്. എന്തടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതെന്നും കോടതി ചോദിച്ചു. കേസിലെ വിചാരണ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ നിലപാട് കാരണമാകുകയെന്നും കോടതി വിമര്‍ശിച്ചു.

പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രധാന സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയശേഷം ആവശ്യമെങ്കില്‍ ജാമ്യം തേടി പ്രദീപിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പു തേടിയും, വനിതാ ജഡ്ജിയെ നിയമിച്ചതിനെതിരെയും ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Related Articles

Latest Articles