ഇസ്ലാമാബാദ്: ഇന്ത്യ വ്യോമാക്രമണം നടത്തിയ ബലാക്കോട്ടും പരിസര പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്കി പാക്കിസ്ഥാന്. ഇസ്ലാമാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെയും വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയുമാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയ ഖൈബര്‍ പഖ്തൂന്‍ഖ്വ മേഖലയിലെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചത്.
ബിബിസി അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നു. പാകിസ്താന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് മാധ്യമ പ്രവര്‍ത്തകരുടെ സന്ദര്‍ശന വീഡിയോ പുറത്ത് വിട്ടത്. ഇന്ത്യയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇവിടുത്തെ യാഥാര്‍ഥ്യങ്ങളെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
പ്രദേശവാസികളോട് കൂടുതല്‍ സമയം സംസാരിക്കരുതെന്ന താക്കീതോടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിച്ചത്. മന്‍ഷേരയ്ക്കു സമീപമുള്ള പ്രദേശത്താണ് സന്ദര്‍ശനം നടത്തിയതെന്നും മലമ്ബ്രദേശത്തുകൂടി ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാണ് വ്യോമാക്രമണം നടത്തിയ സ്ഥലത്ത് എത്തിച്ചേര്‍ന്നതെന്നും ബിബിസിയുടെ മാധ്യമപ്രവര്ത്തകന് വ്യക്തമാക്കി. ഇന്ത്യ ബോംബിട്ട് തകര്‍ത്ത ക്യാമ്പിലേയ്ക്കുള്ള മാര്‍ഗമധ്യേ മൂന്ന് സ്ഥലങ്ങളില്‍ ബോംബ് ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ജനവാസ കേന്ദ്രത്തില്‍നിന്ന് അകലെയുള്ള ഈ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനത്തില്‍ രൂപപ്പെട്ട ഏതാനും കുഴികളും കടപുഴകിയ മരങ്ങളും മാത്രമാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിലനിന്ന അനിശ്ചിതാവസ്ഥ മൂലമാണ് മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനം വൈകാന്‍ ഇടയാക്കിയതെന്ന് പാക്കിസ്ഥാന് വക്താവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതിനുള്ള ശരിയായ സമയം ഇതാണെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

