Saturday, May 18, 2024
spot_img

ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് സഹസ്ര കോടിയുടേത് തന്നെ ! നടന്നത് 1157 കോടി രൂപയുടെ തട്ടിപ്പാണെന്ന് ഇഡി ! വിശദ വിവരങ്ങൾ പുറത്ത് വിട്ടു ; മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും

കൊച്ചി : ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന്റെ വിശദ വിവരങ്ങൾ പുറത്തുവിട്ട് ഇഡി. തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിൾ കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ വിശദ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ഒളിവിലാണ്. അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തില്‍ ഇവർ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്

കമ്പനി തട്ടിയെടുത്ത പണത്തില്‍ 482 കോടി രൂപ ക്രിപ്‌റ്റോ കറന്‍സി വഴിയും 1138 കോടി രൂപ എച്ച്ആര്‍. കോയിൻ ഇടപാട് വഴിയും സമാഹരിച്ചതാണ്. തട്ടിയെടുത്ത പണം ഇവർ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പ്രതികൾ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ ഇവര്‍ക്കെതിരേ മുന്‍പും സമാന കേസുള്ള വിവരം കോടതിയെ ഇഡി അറിയിക്കും. 1630 കോടി രൂപയുടെ തട്ടിപ്പാണെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന ജിഎസ്.ടി. വിഭാഗം ഹൈറിച്ച് ഉടമകള്‍ 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തേത്തന്നെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.

പലചരക്ക് ഉത്പന്ന വിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത്. കേരളത്തിൽ 78 ശാഖകളും രാജ്യത്തൊട്ടാകെ 680 ഷോപ്പുകളുമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാട് ഉൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളും ഹൈറിച്ചിനുണ്ട്. വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. പുതിയ ഇടപാടുകാരെ ആകർഷിക്കുന്നതിനായി നിലവിലുള്ള ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ കമ്പനി അമ്പതോളം ഐ.ഡികള്‍ സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്‌.

Related Articles

Latest Articles