Sunday, January 11, 2026

അടുക്കളയോട് ചേർന്ന മുറിയിൽ നിന്നപ്പോൾ പൊടുന്നനെ വീട് തകർന്ന് വീണു; അഞ്ച് വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: വീട് തകർന്ന് വീണതിനിടയിൽ (House Collapsed) നിന്ന് അഞ്ച് വയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. തിരുവനന്തപുരം വട്ടിയൂർക്കാവിൽ ആണ് സംഭവം. പുലരിനഗർ സ്വദേശി വിനോദിന്റെ മകൻ വൈഷ്ണവാണ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാലപ്പഴക്കമേറിയ വീടായിരുന്നു വൈഷ്ണവിന്റേത്. മൺകട്ട കൊണ്ടാണ് നിർമിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ച കനത്ത മഴ കൂടി പെയ്തതോടെ നനഞ്ഞു കുതിർന്ന അവസ്ഥയിലായിരുന്നു വീടിന്റെ പല ഭാഗങ്ങളും. അടുക്കളയോട് ചേർന്ന് നിൽക്കുന്ന മുറിയിൽ വൈഷ്ണവ് നിൽക്കുമ്പോഴാണ് മേൽക്കൂരയും ചുമരും തകർന്ന് വീണത്. മുറിയുടെ ഒരു വശത്തെ ചുമർ ഒഴികെ എല്ലാം പൊളിഞ്ഞ് വീണിരുന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയ വൈഷ്ണവിനെ അച്ഛൻ വിനോദാണ് രക്ഷിച്ചത്. ഓടിയെത്തിയ വിനോദ് മേൽക്കൂര ഭാഗങ്ങളും ചുമർ കഷ്ണങ്ങളും എടുത്തുമാറ്റി വൈഷ്ണവിനെ പുറത്തെടുത്തു. പ്രാഥമിക ചികിത്സ തേടിയ വൈഷ്ണവ് കുടുംബത്തോടൊപ്പം ഇപ്പോൾ സുരക്ഷിതനാണ്.

Related Articles

Latest Articles