Friday, May 17, 2024
spot_img

ഇന്ന് സ്വർഗവാതിൽ ഏകാദശി: ഈ സൂക്തങ്ങൾ ജപിച്ചാൽ ഇരട്ടിഫലം

ഇന്ന് സ്വർഗവാതിൽ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ഈ ദിവസം വ്രതം അനുഷ്ഠിച്ച് ഭഗവാനെ ഭജിക്കുന്നത് മോക്ഷത്തിന് കാരണമാകും. ഏകാദശി ദിനത്തിൽ ഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറന്നിടും എന്നാണു വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തിൽ തളർന്നിരുന്ന അർജുനന്‌ ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീത ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ ഈ ഏകാദശി ഗീതാജയന്തി ദിനമായും കരുതപ്പെടുന്നു.

സ്വർഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകളും ഈ ദിനത്തിൽ നടക്കും.

എല്ലാ ഏകാദശി വ്രതാനുഷ്ഠാനം പോലെ തലേ ദിവസം തന്നെയാണ് വ്രതം ആരംഭിക്കുന്നത്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചോ തുളസീ തീർഥം സേവിച്ചോ വ്രതം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. വെളുത്ത വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം. ഏകാദശിനാൾ പുലർച്ചെ കുളികഴിഞ്ഞ് വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തണം. വിഷ്ണു കീർത്തനങ്ങൾ ചൊല്ലി ക്ഷേത്രത്തിൽ തന്നെ ഉപവാസമിരിക്കുന്നതാണ് നന്ന്. അതിനു സാധിക്കാത്തവർ പറ്റാവുന്ന സമയത്തെല്ലാം ‘ഓം നമോ നാരായണായ’ ജപിച്ചു കൊണ്ട് ഭഗവാനെ സ്മരിക്കുക. മറ്റു ചിന്തകൾക്ക് ഇടനൽകാതെ വിഷ്ണുസൂക്തം, പുരുഷസൂക്തം ,ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർഥം സേവിച്ച് സ്വർഗവാതിൽ ഏകാദശി വ്രതം അവസാനിപ്പിക്കാം.

Related Articles

Latest Articles