Wednesday, November 4, 2026

ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ് !! ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് നൂറ് കോടിയിലധികം രൂപ ; തട്ടിപ്പിനിരയായവരിൽ പ്രവാസികളും !

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ് നടന്നതായി പരാതി. അമിത പലിശ വാ​ഗ്ദാനംചെയ്ത് നിക്ഷേപകരിൽ നിന്ന് നൂറ് കോടിയിലധികം രൂപയാണ് തട്ടിയിരിക്കുന്നത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപന ഉടമകൾ മുങ്ങിയിരിക്കുകയാണ്. സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. കേരളത്തിന് പുറത്തും ദുബായിലുമുൾപ്പെടെ ബില്യൺ ബീസിന് ശാഖകളുണ്ട്. ദുബായിലും നിരവധി പേർ ഇതേ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ട്രേഡിം​ഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നിക്ഷേപം ബില്യൺ ബീസ് സ്വീകരിക്കുകയായിരുന്നു. 2020-മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ സമാഹരണം നടത്തിയത്. നിക്ഷേപകർക്ക് ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നൽകാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പലിശ ലഭിച്ചവർ വീണ്ടും നിക്ഷേപം നടത്തി.

എന്നാൽ പിന്നീട് പലിശ മുടങ്ങി. നിലവിൽ 32 പേരാണ് ഇരിങ്ങാലക്കുടയിൽ മാത്രം സ്ഥാപനത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഇതിൽ പോലീസ് കേസെടുത്തു. തട്ടിപ്പിനിരയായ മറ്റുള്ളവരുടെ പരാതികൾ സ്വീകരിച്ചുവരികയാണിപ്പോൾ.

Related Articles

Latest Articles