തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ചു മരിച്ചു. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് ശനിയാഴ്ച രാത്രി റോഡ് മുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്.
കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഐശ്വര്യ മാര്‍ഗമധ്യേയും ശാരിമോള്‍ ചികിത്സയിരിക്കെ രാത്രി വൈകിയും മരിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടത്തില്‍ മരിച്ച ഐശ്വര്യയുടെ ഭര്‍ത്താവ് വീട്ടില്‍ തൂങ്ങി മരിച്ചു എന്ന വിവരത്തെ തുടർന്ന് അങ്ങോട്ടേയ്ക്ക് പോകുന്ന വഴിയാണ് ഐശ്വര്യയ്ക്കും ശാരിമോൾക്കും അപകടം പറ്റിയത്. ഐശ്വര്യയുടെ മക്കള്‍ അഭിനയ, അവന്തിക. സജീവാണ് ശാരിമോളുടെ ഭര്‍ത്താവ്. വര്‍ഷ, അമല്‍ എന്നിവരാണ് മക്കള്‍.

