Saturday, January 10, 2026

വീട്ടിൽ പ്രസവത്തിനു ശ്രമിച്ചതിനെത്തുടർന്ന് വീട്ടമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ നരഹത്യാക്കുറ്റം ചുമത്തും ! പലതവണ അപകട മുന്നറിയിപ്പു നൽകിയിട്ടും യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതെന്ന വെളിപ്പെടുത്തലുമായി വാർഡ് മെമ്പറും ! യുവതിക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ അന്വേഷണത്തിനു ശേഷം തീരുമാനം

നേമം : വീട്ടിൽ പ്രസവത്തിനു ശ്രമിച്ചതിനെത്തുടർന്ന് വീട്ടമ്മയായ ഷമീറയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെതിരെ നരഹത്യാക്കുറ്റം ചുമത്തും. നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ഷമീറയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രസവം വീട്ടിൽ മതിയെന്ന ശാഠ്യത്തിൽ നയാസ് ഉറച്ചുനിന്നതാണ് അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തിനു കാരണമായതെന്ന് തെളിഞ്ഞതോടെയാണ് നടപടി. യുവതിക്ക് അക്യുപങ്ചർ ചികിത്സ നൽകിയ ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ അന്വേഷണത്തിനു ശേഷമാകും തീരുമാനമെടുക്കുക. ഷമീറയ്ക്കു നൽകിയത് അംഗീകാരമില്ലാത്ത ചികിത്സയാണെന്നും ഷമീറയുടേത് നരഹത്യയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാർഡ് കൗൺസിലർ ദീപിക രംഗത്തുവന്നിട്ടുണ്ട് . ആദ്യത്തെ പ്രസവങ്ങൾ സിസേറിയൻ ആയതിനാൽ പല തവണ അപകട മുന്നറിയിപ്പു നൽകിയിട്ടും നയാസ് ഗൗനിച്ചില്ലെന്നും യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക പറഞ്ഞു.

ചികിത്സ നൽകാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോടു നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുൻപ് രണ്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു.അധികം വൈകാതെയുള്ള മൂന്നാമത്തെ പ്രസവത്തിൽ ഒരിക്കലും സുഖ പ്രസവം സാധ്യമാകില്ലെന്നിരിക്കെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെയുള്ള അതിസാഹസത്തിന് ഭർത്താവ് മുതിർന്നത്. ഭർത്താവ് ഉപേക്ഷിക്കുമെന്ന ഭയത്തിൽ മറുത്തൊന്നും പറയാൻ ഷമീറയ്ക്കും ധൈര്യമില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്

ഇന്നലെ വൈകിട്ട് നേമം പഴയകാരയ്ക്കാമണ്ഡപത്തിനു സമീപം തിരുമംഗലം ലെയ്നിലാണ് സംഭവം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ മാസങ്ങളോളമായി കുടുംബം ഇവിടെ കഴിഞ്ഞുവരികയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നാട്ടുകാർ ആരോഗ്യ പ്രവർത്തകരെയും നേമം പോലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചു. അവർ ഇടപെട്ടെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയാറായില്ല. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയിൽ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.

തുടർന്ന് ബോധരഹിതയായ ഇവരെ നാട്ടുകാർ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്നു സ്ഥലത്തെത്തിയ പൊലീസ് ഭർത്താവ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. രാത്രിയോടെ ഇവർ താമസിച്ചിരുന്ന വാടക വീട് പോലീസ് സീൽ ചെയ്തു.

Related Articles

Latest Articles