തൊടുപുഴ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന്റെ ആരോഗ്യനില വഷളായെന്ന വിവരത്തെത്തുടർന്ന് ഡ്യൂട്ടിക്കിടയിൽ ബസിൽ നിന്നിറങ്ങിയ വനിതാ കണ്ടക്ടർക്കെതിരെ ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ജീവനക്കാരി രംഗത്ത്.
കോട്ടയം-മൂന്നാർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ്, ട്രിപ്പ് പൂർത്തിയാക്കാൻ അരമണിക്കൂർ ബാക്കിനിൽക്കെ പൈങ്ങോട്ടൂരിൽ വെച്ച് ബസിൽ നിന്നിറങ്ങിയത്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഡ്യൂട്ടി പൂർത്തിയാക്കാതെ വീട്ടിലേക്ക് മടങ്ങിയത് വിവാദമായതോടെയാണ് ഇവർ കാര്യങ്ങൾ വ്യക്തമാക്കിയത്. ഭർത്താവ് വീണ് ഇടുപ്പെല്ല് പൊട്ടി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണെന്നും, മകൾ ഫോണിൽ വിളിച്ച് പിതാവിന്റെ നില ഗുരുതരമാണെന്നും ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞുവെന്നും അറിയിച്ചതിനെത്തുടർന്നാണ് മാനസിക സമ്മർദ്ദത്താൽ ബസിൽ നിന്നിറങ്ങേണ്ടി വന്നതെന്ന് അവർ പറഞ്ഞു.
താൻ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് ഇവർ അവകാശപ്പെടുന്നു. പൈങ്ങോട്ടൂരിൽ വെച്ച് മൂന്നാർ ഡിപ്പോയിലെ തന്നെ മറ്റൊരു കണ്ടക്ടറെ ബസിൽ കയറ്റുകയും, കൈവശമുണ്ടായിരുന്ന പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തി ഡ്യൂട്ടി അദ്ദേഹത്തെ ഏൽപ്പിക്കുകയുമായിരുന്നു. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്റർ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയിരുന്നു. എന്നാൽ, ഇതിനകം തനിക്കെതിരെ പരാതി ഉയർന്നുകഴിഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു .
അതേസമയം, സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ വീഴ്ചയെ ഗൗരവത്തോടെ കാണുന്ന കെഎസ്ആർടിസി അധികൃതർ, അന്വേഷണത്തിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി.

