Sunday, May 19, 2024
spot_img

ധാര്‍മികതയ്ക്ക് നിരക്കാത്തത് പലതും ചെയ്തു: ഇനിയും തെറ്റ് തുടരാന്‍ വയ്യ; ചാന്‍സലര്‍ പദവി ഒഴിയുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍

കണ്ണൂർ: വിസി നിയമന വിവാദത്തില്‍ ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധാര്‍മികതക്ക് നിരക്കാത്തത് ചിലത് ചെയ്യേണ്ടി വന്നു. എന്നാൽ ഇനി തെറ്റ് തുടരാന്‍ വയ്യെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. നിയമപരമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരുമായി യുദ്ധത്തിനില്ല. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ചു.

അതേസമയം കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണർ ചാൻസിലർ സ്ഥാനം ഒഴിവാക്കുന്ന നിലയിലേക്ക് വള‌ർന്നത്. തന്നെ സമ്മർദ്ദത്തിലാക്കിയെന്നാണ് തുടക്കം മുതൽ ഗവർണർ പരാതിപ്പെടുന്നത്. ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ മന്ത്രിമാരുടേയും സിപിഎം നേതാക്കളുടെയും ഭാര്യമാരുടെ അടക്കം നിയമന വിവാദങ്ങളും സജീവ ചർച്ചയായി. ഉന്നത വിദ്യാഭ്യാസ രംഗം അടിമുടി രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമായി നിൽക്കുന്നതിനിടെയാണ് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന ഗവർണറുടെ പ്രഖ്യാപനം.

മാത്രമല്ല കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. സിന്‍ഡിക്കേറ്റ് നേരിട്ട് നിയമനം നടത്തിയെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സിന്‍ഡിക്കേറ്റിനാണെങ്കിലും നാമനിര്‍ദേശത്തിനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്.

കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരം നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവിലെ ചട്ടം മറികടന്നാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് നേരിട്ട് ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്. അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ അധികാരം വ്യക്തമാക്കുന്ന ചട്ടം കണ്ണൂര്‍ സര്‍വകലാശാല കഴിഞ്ഞയാഴ്ച ഭേദഗതി ചെയ്തിരുന്നു.

Related Articles

Latest Articles