കോഴിക്കോട്: സി.എം.ആര്‍.എല്‍എക്‌സാലോജിക് മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണങ്ങളെയോ പരിശോധനകളെയോ ഭയന്ന് ഒളിച്ചോടില്ലെന്ന് സിപിഐഎം നേതാവും ബേപ്പൂര്‍ എംഎല്‍എയുമായ പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇ.ഡി അന്വേഷണത്തില്‍ പേടിച്ചോടി എന്ന് ആരും കരുതേണ്ടതില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്തിട്ടില്ല. ഒരു തരത്തിലും ഭയപ്പെടാനില്ല. തിരക്കഥ നന്നായി, ഇതിന്റെ രാഷ്ട്രീയ ഉദേശ്യം ഒക്കെ നേരത്തെ പറഞ്ഞതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജീവിക്കുന്ന മനുഷ്യന്റെ പച്ച ഇറച്ചി കടിച്ചു തിന്ന് രസിക്കുന്ന വാര്‍ത്തകളാണ് വരുന്നത്. അത് അതിന്റെ രസത്തില്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസ് എടുക്കണോ വേണ്ടയോ എന്ന് യുഡിഎഫ് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടത്. നിരപരാധിത്വം പൂര്‍ണമായും തെളിയിക്കാന്‍ ആകുമെന്ന വിശ്വാസം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, വിവാദമായ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ണായക നടപടികളിലേക്ക് കടന്നിരിയ്ക്കുകയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി, സംസ്ഥാന സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കത്തയച്ചിരിയ്ക്കുകയാണ്.
പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 66 പ്രകാരം അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങള്‍ കൈമാറിക്കൊണ്ടാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഈ വര്‍ഷം മെയ് മാസം മുതല്‍ പുനഃരന്വേഷണം ആരംഭിച്ച ഇഡി, പിണറായിയുടെ വസതിയിലടക്കം രണ്ട് തവണ റെയ്ഡുകള്‍ നടത്തുകയും വീണയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ മുഹമ്മദ് റിയാസുമായി ബന്ധമുള്ള സുഹൃത്തുക്കളിലേക്കും അന്വേഷണം നീണ്ടിരുന്നു.
ശശിധരന്‍ കര്‍ത്തയുടെ മൊഴിയും കേസില്‍ വീണ തിരിച്ചടി നേരിട്ടിരുന്നു. വീണയുടെ കമ്പനി എക്സാലോജിക് സിഎംആര്‍എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2.78 കോടി രൂപ അനധികൃതമായി ഒരു സേവനവും നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കൈപ്പറ്റിയെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. സംഭവം കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.

