മുംബൈ : ലോകമെമ്പാടും സംഘര്‍ഷങ്ങളും വ്യാപാര തര്‍ക്കങ്ങളും ഊര്‍ജ പ്രതിസന്ധിയും രൂക്ഷമായി തുടരുമ്പോഴും ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചത് രാജ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഈ മിന്നുന്ന പ്രകടനം ആഗോള സാമ്പത്തിക രംഗത്തിന് തന്നെ പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം ദീര്‍ഘകാലമായി സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജം, ചരക്ക് വിതരണ ശൃംഖലകളിലെ സമ്മര്‍ദത്തിനൊപ്പം രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര തര്‍ക്കങ്ങളും തുടരുകയാണ്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മികച്ച വളര്‍ച്ച കൈവരിച്ചത് രാജ്യത്തിന്റെ സാമ്പത്തിക കരുത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ”ഇന്ത്യ 7.8 ശതമാനം
വളരുമ്പോള്‍ ലോകത്തിന് പുതിയ പ്രതീക്ഷയാണ് ലഭിക്കുന്നത്” എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയും വായ്പാ തിരിച്ചടവ് ശേഷിയും വ്യക്തമാക്കുന്ന ‘സോവറിന്‍ റേറ്റിങ്’ ജപ്പാനിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി ‘A’ വിഭാഗത്തിലേക്ക് ഉയര്‍ത്തിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യക്ക് ഇത്തരം ഒരു നേട്ടം ലഭിക്കുന്നത്. രാജ്യത്ത് നടപ്പാക്കിയ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളിലും മാക്രോ ഇക്കണോമിക് സ്ഥിരതയിലുമുള്ള ആഗോള വിശ്വാസത്തിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ‘ഇന്ത്യയുടെ റിഫോം എക്‌സ്പ്രസ് ഇനിയും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകും’ എന്നും ഉറപ്പിച്ചുപറഞ്ഞു.

