Sunday, May 19, 2024
spot_img

മോദി ഗവൺമെൻറിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ: തീരുമാനം രാജ്യതാൽപര്യത്തിനെന്നും ജ്യോതിരാദിത്യ

ദില്ലി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ യുവ നേതാക്കളില്‍ പ്രധാനിയായ ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നു. രാജ്യതാല്‍പ്പര്യത്തിന് വേണ്ടിയുള്ള തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതെന്നും താന്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എന്നാല്‍ ഭരണഘടന പ്രകാരമുള്ള നടപടികള്‍ പാലിച്ചിരുന്നെങ്കില്‍ ചോദ്യങ്ങളുയരില്ലായിരുന്നെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

നേരത്തെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചും പാര്‍ട്ടിയുടെ രാജ്യസഭാ ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത രാജ്യസഭയില്‍ നിന്ന് രാജിവച്ചിരുന്നു. രാഹുല്‍ ബ്രിഗേഡിലെ പ്രധാന നേതാവും റായ്ബറേലിയിലെ എംഎല്‍എയുമായ അഥിതി സിംഗും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ രംഗത്ത് വന്നിരുന്നു.കേന്ദ്രസര്‍ക്കാരിന് തന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് അഥിതി സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിലപാട് ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും എംഎല്‍എ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്. ഒരു എം.എല്‍.എ എന്ന നിലയില്‍ താന്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്നും അഥിതി സിംഗ് പറഞ്ഞു. റായ്ബറേലി സാദര്‍ എംഎല്‍എയാണ് അഥിതി സിംഗ്.

കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ അശോക് ചന്ദനയും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ രംഗത്ത് വന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പിന്തുണയ്ക്കുന്നുവെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അശോക് പറഞ്ഞു. എന്നാല്‍ തീരുമാനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയെന്ന് അശോക് ചന്ദന കൂട്ടിച്ചേര്‍ത്തു. മിലിന്ദ് ദിയോറ, ജനാര്‍ദ്ദനന്‍ ദ്വിവേദി തുടങ്ങി വിവിധ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ രംഗത്ത് വന്നു.

Related Articles

Latest Articles