Sunday, May 5, 2024
spot_img

സുഷമ സ്വരാജ് അന്തരിച്ചു

ദില്ലി; മുൻ വി​ദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ആ​രോ​ഗ്യനില അതീവ ​ഗുരുതരമായതിനെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവരം അറിഞ്ഞു മുതിർന്ന രാഷ്ട്രീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ഐഎംസിലേക്കു എത്തിക്കൊണ്ടിരിക്കുന്നു.

പ്രമേഹ രോഗിയായ സുഷമ സ്വരാജിന്‍റെ വൃക്ക തകരാറിലായതിനെ തുടർന്ന് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. 66കാരിയായ സുഷമ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തെയാണ് ലോകസഭയിൽ പ്രതിനിധീകരിക്കുന്നത്.

ഹരിയാനയിലെ പാൽവാൽ സ്വദേശിയായ സുഷമ സ്വരാജ് എ.ബി.വിപിയിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നത്. 1977-1982, 1987-1990 വരെയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. തുടർന്ന് ദേവിലാൽ സർക്കാറിൽ വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകളുടെ മന്ത്രിയായി. 1990ലാണ് ആദ്യമായി രാജ്യസഭാംഗമായത്. 1996ൽ ദക്ഷിണ ഡൽഹി സീറ്റിൽ നിന്ന് കന്നിയങ്കം ജയിച്ച് പതിനൊന്നാം ലോകസഭയിൽ അംഗമായി. തുടർന്ന് വാജ്പേയ് സർക്കാറിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ ചുമതല വഹിച്ചു. 1998ൽ ദക്ഷിണ ഡൽഹിയിൽ നിന്ന് രണ്ടാം തവണയും ലോകസഭാംഗമായി വിജയിച്ചു. 2000ൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്‍റെ മന്ത്രിയായി.

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് 1998ൽ ഹൗസ് ഖാസ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഡൽഹി സംസ്ഥാനത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇതിനിടെ 1999ൽ കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരേ മികച്ച മത്സരം കാഴ്ചവെച്ചു. 2004-2009ൽ രണ്ടാംതവണ രാജ്യസഭാംഗമായി. രണ്ടാം വാജ്പേയ് സർക്കാറിൽ വാർത്താവിതരണ പ്രക്ഷേപണം, ആരോഗ്യം- കുടുംബക്ഷേമം എന്നീ വകുപ്പുകളുെട ചുമതല വഹിച്ചു.

2009ലെ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തിൽ നിന്നും സുഷമ വീണ്ടും 15ാം ലോകസഭയിലെത്തി. ഇക്കാലയളവിൽ ലോകസഭാ പ്രതിപക്ഷ നേതാവ് പദവി വഹിച്ചിരുന്നു.

മിസോറാം മുൻ ഗവർണറും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന സ്വരാജ് കൗശൽ ആണ് ഭർത്താവ്. ഏക മകൾ ഭാൻസുരി സ്വരാജ് സുപ്രീംകോടതി അഭിഭാഷകയാണ്.

Related Articles

Latest Articles